ഗസ്റ്റ് ഫയൽ


ചുവന്ന ഉടുപ്പിട്ട ആ പെൺകുട്ടി,
അമ്മേ.. അമ്മേ ഫയൽ വാങ്ങി താ...
മഞ്ഞ ഫയൽ, പച്ച, ചുവപ്പ് നീല..
ചെറുത്.. വലുത്... സർട്ടിഫിക്കറ്റ് ഇടാം.
എനിക്കൊരു ഫയൽ വാങ്ങി താ 
അമ്മേ... എന്റെ ഡാൻസ് സർട്ടിഫിക്കറ്റ് 
ഇടാൻ അല്ലെ..
അമ്മേ പ്ലീസ് അമ്മേ..
അമ്മ പേഴ്സ് തപ്പി..
ദയനീയ നോട്ടം..
ബസിലെ അവസാന സീറ്റിലിരുന്ന് 
ഞാൻ എന്റെ കയ്യിലെ ഫയലിലേക്ക് നോക്കി 
ഫയൽ കച്ചവടക്കാരൻ ആ അമ്മയുടെ 
മുഖത്തേക്ക് നോക്കി..
അയാൾ ബസിന്റെ അവസാന സീറ്റിനു 
അടുത്തേക്ക് വന്നെന്നോട് പറഞ്ഞു...
അയ്യാ.. ഉങ്കൾക്ക് ഫയൽ വേണമാ..
നല്ല ഉസിരാനാ ഫയൽ..
അയാളുടെ മുഖത്തേക്ക് നോക്കിയിട്ട്...
ഞാനെന്റെ ഫയൽ നോക്കിയൊന്ന് 
അഭിമാനിച്ചു... 
ബസിന്റെ സൈഡ് സീറ്റിൽ മുഖം 
വീർപ്പിച്ചിരിക്കുന്ന അവളെ നോക്കി 
ഞാൻ പറഞ്ഞു, മോളെ ഈ ഫയൽ അത്ര 
നല്ലതല്ല... ഫയൽ പിടിത്തം അത്ര നല്ലതല്ല..
12 വർഷത്തോളം അതൊരു സന്തോഷമാണെങ്കിൽ 
പിന്നീട് അതൊരു വിഷാദം തുളുമ്പുന്ന 
നീറി പുകയുന്ന ഒരു നോവായിരിക്കും..
മോളുടെ ആ ഇരുത്തം കണ്ടിട്ട് സഹിക്കുന്നില്ല.
ബസിന്റെ മുൻഭാഗത്തേക്ക് ഞാൻ നടന്നു.
എന്റെ ഫയൽ തുറന്നു..
അതിലൊരു ക്ലിയർ ബാഗ് ഉണ്ടായിരുന്നു.
ഞാനവളോട് കുഞ്ഞു ചോദ്യം ചോദിച്ചു.
ഇന്ത്യൻ ഭരണഘടന ശില്പിയാര്?
ബി. ആർ. അംബേദ്കർ...
ഞാൻ ആ ക്ലിയർ ബാഗ് അവൾക്ക് സമ്മാനിച്ചു.
മടിച്ചാണെങ്കിലും അവളത് വാങ്ങി...
ബസിന്റെ പുറകിലേക്ക് പോയി ഞാനെന്റെ സീറ്റിലിരുന്നു.
ഇന്റർവ്യൂ സ്ഥലത്ത് എത്തുന്നത് വരെ
അവളുടെ മുഖത്തെ ചിരി കണ്ട് സന്തോഷത്തിലായ ഞാൻ
ആ സ്കൂൾ ഗേറ്റ് കടന്ന്
ആ ഓഫിസ് വരാന്ത യിൽ എത്തിയപ്പോൾ...
ജീവനുള്ള ഒത്തിരി ഫയലുകൾ
അലഞ്ഞു തിരിയുന്നത് കണ്ടു..
കഷ്ടപ്പാടിൽ വിശപ്പിനോട് കലഹിക്കുന്ന
ഗസ്റ്റ് ഫയലുകൾ.

ഇന്റെ H1D