വീട് : ഒരു സ്വപ്നം 🏡

രാവിലെ ഒരു മൂന്ന് മൂന്നര സമയം...അമ്മയുടെ ഒരൊറ്റ വിളിയിൽ ഞാൻ കണ്ടൊരു മോശം സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു.
കുടിയിരിക്കൽ ദിവസം... ആളുകൾ ഓരോരുത്തരായി വന്നുകൊണ്ടേയിരിക്കുന്നു.... വീട്ടിൽ വാതിലിന്റെ അടുത്ത് നിന്ന് ക്ഷണിക്കാൻ ആരുമില്ല... അമ്മയും ഏട്ടനും ഞാനും അമ്മുവും ഒറ്റക്ക് എല്ലാ കാര്യത്തിനും ഓടി നടക്കുന്നു... ഞങ്ങൾക്ക് ചുറ്റും ഒത്തിരി ബന്ധുക്കൾ... ഒരാളും ഒന്നിനും സഹായിക്കുന്നില്ല... ബന്ധുക്കൾ ചുറ്റിലും നോക്കി,ഞങ്ങളെ വിഷാദം നിറഞ്ഞൊരു അത്ഭുതത്തോടെ നോക്കി നിൽക്കുന്നൊരു കാഴ്ച്ചയിൽ നിന്നാണ് അമ്മ എന്നെ ആ സ്വപ്നത്തിൽ നിന്ന്  തട്ടിയുണർത്തിയത്.

ഒരിക്കലും ഇന്ന് അങ്ങനെയൊരു അവസ്ഥ ഉണ്ടാവാതെ ഇരിക്കണേയെന്ന് സ്വയം മനസ്സിൽ പറഞ്ഞുകൊണ്ടാണ് തലയിൽ വെള്ളം കോരി ഒഴിച്ചു കുളിച്ചത്... തണുപ്പിന്റെ മൂർദ്ധന്യത പതിവില്ലാതെ എന്നെ രോമാഞ്ചകഞ്ചുകനാക്കിയെങ്കിലും കുളിർ ആസ്വദിക്കാൻ നിൽക്കാതെ ഓട്ടപാച്ചിലിൽ മുണ്ടും ഷർട്ട്‌ ഒക്കെ ഇട്ട് റെഡി ആയി...

വീട് പൂട്ടി അച്ഛന്റെ ഫോട്ടോയെയും അമ്മയെയും അമ്മുവിനെയും താട്ടനെയും അമ്മമ്മയെയും കൂട്ടി വീട്ടിലേക്ക് പോവുമ്പോ, മനസ്സിൽ ഉണ്ടായിരുന്ന ചിത്രം പഴയ ഓടിട്ട വീടായിരുന്നു... എന്റെ ഓർമയിൽ അച്ഛൻ മരിക്കുമ്പോൾ അതൊരു തേക്കാത്ത വെട്ടുകല്ല്കൾക്ക് ഇടയിൽ മണ്ണ് വാരിപൂശിയ വീടായിരുന്നു... അമ്മക്ക് ജോലി കിട്ടിയതിനു ശേഷം വീടിന്റെ തേക്കലും ഒപ്പം ഏകദേശം ഒരുവിധം പണികൾ എല്ലാം അമ്മ ചെയ്യിപ്പിച്ചുവെങ്കിലും ആ ഒറ്റമുറി വീട്ടിലേക്ക് ഞാനും ഏട്ടനും അമ്മുവും ഒന്നും ഞങ്ങടെ കൂട്ടുക്കാരെയൊന്നും വിളിച്ചിരുന്നില്ല... അതിനൊരു കാരണം ഉണ്ടായിരുന്നു , ചില കളിയാക്കലുകൾ, അടക്കി പറച്ചിലുകളെ യെല്ലാം ഒത്തിരി ഒതുക്കത്തോടെ ബുദ്ധിയോടെ ഒഴിവാക്കണമായിരുന്നു എന്നത് തന്നെ...
എന്റെ ഓർമയിൽ ഇന്നും ഇനിയങ്ങോട്ട് എന്നും ഉണ്ടാവുന്ന ഒരു സംഭവം ഉണ്ട്... ചെറുപ്പത്തിൽ... എന്നെ യു പി സ്കൂളിൽ പഠിപ്പിച്ച ഒരു ടീച്ചറുടെ കുട്ടി... സൈക്കിൾ ഓടിച്ചു വീടിന്റെ മുന്നിലൂടെ പോവുമ്പോ യാദൃച്ഛികമായി എന്നെ കാണുന്നു... വീട്ടിലേക്ക് കയറുന്നു.. സ്വാഭാവികം അല്ലേ... യാത്ര പറഞ്ഞു പോവുന്നു... പിറ്റേ ദിവസം സ്കൂളിൽ എത്തുന്ന എന്നെ നോക്കി ഇവന്റെ കുറച്ചു കൂട്ടുക്കാർ ഇവൻ പറഞ്ഞതിൽ നിന്ന് എന്റെ വീടിനെ ക്കുറിച്ച് കുറച്ച് വാക്കുകൾ പറഞ്ഞത് ഇന്നും എന്റെ ഹൃദയത്തിൽ ഇന്നലെ കഴിഞ്ഞ പോലെ മുള്ള് ക്കുത്തി വലിക്കുന്നുണ്ട്. ഞാനതിൽ വലിഞ്ഞു മുറുകിയിരുന്ന ചില ദിവസങ്ങൾ ഉണ്ടായിരുന്നു... പഴയ വീടിനോട് എനിക്കുള്ള ബന്ധത്തിന്റെ ആഴം ചുറ്റും നിൽക്കുന്ന കശുമാവിൻ മരങ്ങൾ ആയിരുന്നു... മാർച്ച്‌ മാസം തുടങ്ങിയാൽ പറങ്കി മാങ്ങയുടെ മണം ചുറ്റും പടരും... വീടിന്റെ മുന്നിൽ ഉണ്ടായിരുന്ന പടുകൂറ്റൻ പറങ്കികളുടെ രാജകീയ പ്രൗഢികൾക്ക് നടുവിൽ രാജാവിനെ പോലെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഞങ്ങൾ ഉണ്ടായിരുന്നു... ചെറിയ വഴക്കുകളും പരിഭവങ്ങളും, സോഷ്യൽ മണമുള്ള പാഠംങ്ങളെ സ്ഥിരം കേട്ടിരുന്ന ഇന്റെ ചുവരുകളും ഇടക്ക് പാമ്പ് എത്തി നോക്കിയിരുന്ന, ചിത്ര ശലഭങ്ങൾ മുട്ടയിട്ടിരുന്ന ജനാലകളും അതിലുപരി ചുവരിനുള്ളിൽ കൂട് ഒരുക്കിയ തേനീച്ച കൂട്ടങ്ങളും ഞാൻ മുളക് കൊടുത്തു തീറ്റി വളർത്തിയിരുന്ന എന്റെ ഉറുമ്പിൻ കുട്ടികളുമായി ഇടതൂർന്നു വളർന്ന ജോർജ് ബുഷും ഒക്കെയായി നല്ലൊരു അന്തരീക്ഷം ഉണ്ടായിരുന്ന എന്റെ ആ വീട് പൊളിച്ചു കളഞ്ഞു മണ്ണ് മാന്തി പുതിയത് ഉള്ളൊരു തറയിടുമ്പോൾ അമ്മയുടെ മനസ്സിൽ എന്നപോലെ ഞങ്ങൾ 3 പേരും ഒരു അന്തം വിടലിൽ ആയിരുന്നു.. എങ്ങനെ... അത്ര സോഷ്യൽ അല്ലാത്ത ഞാൻ എങ്ങനെ ഈ പണികളിൽ എല്ലാം സഹായിക്കുമെന്നൊരു പേടിയും ഭയവും... എന്തൊക്കെയോ തോന്നിയ ചില നിമിഷങ്ങളിൽ, ഇന്റെ ബാബു എട്ടൻ ( അച്ഛന്റെ അനിയൻ ) ദൈവത്തെ പോലെ ഞങ്ങൾക്ക് എല്ലാമാവുന്നതിന്റെ കഥ കൂടിയാണിത്... ജീവിതത്തിൽ ഒരിക്കലും ഞാൻ ഇയാളെ മറക്കില്ല. കാരണം അയാൾ അങ്ങനെയാണ്... ❤️

ഒരു ദീർഘ സ്വപ്നം- അതൊരു അടിത്തറയാണ്.,അതൊരു പാതയൊരുക്കലാണ്. അമ്മയുടെ മനസ്സ് സന്തോഷിക്കുന്നത് ഞാൻ കണ്ടു.. അമ്മ ഉറുമ്പിനെ പ്പോലെ സമ്പാദിച്ച സമ്പാദ്യവും ഏട്ടനും ഞാനുമൊക്കെ ഉഷാറോടെ ആഞ്ഞു പിടിച്ചപ്പോൾ, ഒത്തിരി പിരിമുറക്കത്തിലും അമ്മയുടെ മാത്രം ആത്മവിശ്വാസത്തിൽ പണി തീർന്നൊരു വീട്...

പാല് കാച്ചൽ കഴിഞ്ഞു ആ പാല് കുടിക്കുമ്പോ കിട്ടിയൊരു സുഖമുണ്ട്... ജീവിതത്തെ ചുരുട്ടി യൊതുക്കി കാൽ കീഴിൽ വെച്ചിരിക്കുന്ന ഒരു യുവതിയുടെ വിജയത്തിന്റെ ശബ്ദം ആ നിമിഷത്തിൽ എനിക്ക് കേൾക്കാമായിരുന്നു, അതിൽ നിന്നുയർന്ന സന്തോഷത്തിന്റെ പുഞ്ചിരി എനിക്ക് കാണാമായിരുന്നു... അതിനേക്കാൾ ഒട്ടും പ്രതീഷിക്കാത്ത ഒരുനിമിഷത്തിൽ സഹായാത്രികൻ യാത്രയിൽ നിന്നും പൊലിഞ്ഞു പോയപ്പോൾ, വണ്ടിയുടെ സ്റ്റീറിയറിങ് ഒറ്റക്ക് പിടിച്ചു ഓടിച്ചൊരു വനിതയുടെ കണ്ണിലെ വിഷമവും വിഷാദവുമൊക്കെ ഈ ഇന്ന്, എനിക്ക് കാണാൻ പറ്റി... അങ്ങനൊരു നിമിഷത്തിൽ ഒരു ഫോട്ടോ എടുക്കാം എന്നും പറഞ്ഞു ജിനു ഏട്ടൻ സോഫയിൽ പിടിച്ചു ഇരുത്തി ഫോട്ടോ എടുക്കുമ്പോൾ അമ്മയുടെ മുഖത്ത് വിടർന്ന ചിരി കണ്ടപ്പോൾ സങ്കടം വന്ന് ഞാനാ ഫോട്ടോക്ക് ചിരിക്കാൻ മറന്നു... പക്ഷെ ഞങ്ങൾ വീട് വെച്ചു... കുറച്ചു ഉറക്കെ തന്നെ പറയാം... കാരണം കുറച്ചധികം നാളുകൾ വീടിന്റെ അവസ്ഥയെ പരിതപ്പിച്ചു സഹതാപത്തോടെ കണ്ടിരുന്ന കുടുംബക്കാരിൽ ചിലരെങ്കിലും ഇന്നൊരു അമാന്തത്തിലാണ്... കാരണം പ്ലസ്‌ ടു കഴിഞ്ഞു ചെക്കൻ മാരെ ആശാരി പണിക്ക് വിട്ടു കൂടെ ചോദിച്ച ഒരു സമൂഹം എനിക്ക് ചുറ്റും ഉണ്ടായിരുന്നു ( ആശാരി പണി നല്ലതല്ല എന്നല്ല ) അവർ ഇന്ന് തിരുത്തി പറയാൻ തുടങ്ങി...

ഞാനൊക്കെ പഠിക്കാൻ പോവുന്നതിനെ വിമർശനാത്മകമായി കണ്ടിരുന്ന ഒരു ജനസമൂഹം ഇന്ന് പറയുന്നത് കേൾക്കണം,

"സുന്ദരി ചെക്കൻമാരെയും പെണ്ണിനേയും നല്ലോണം പഠിപ്പിച്ചു... അതോണ്ട് ഇപ്പോ കണ്ടില്ലേ... " നന്നായി പഠിച്ചാൽ നല്ല ജോലി കിട്ടുമെന്ന്... ഒക്കെ പറഞ്ഞു അവരുടെ മക്കളെ വഴി തിരിച്ചു വിടുന്നുണ്ട്..

സന്തോഷം തോന്നുന്നു.. പക്ഷെ പലതും മറക്കാൻ പറ്റുന്നില്ല... കാരണം അത് അങ്ങനെയാണ്... ഒരു വിങ്ങൽ മനസ്സിൽ ഉണ്ടാവും അല്ലെ...

വീട്ടുകാർ ഒരു 11മണിയോടെ എത്തി തുടങ്ങി.കൂട്ടുകാരും കുടുംബക്കാരും എല്ലാരും.. ഞങ്ങൾ 4 പേരും ഓരോ കാര്യങ്ങൾക്ക് ആയി ഓടി കൊണ്ടേയിരിക്കുന്നു. ഒപ്പം ബാബു ഏട്ടനും... കാരണം അമാന്തത്തിന്റെ നെടുവീർപ്പുകൾക്ക് ഇടയിൽ അമർന്നു ചില തിരുത്തലുകൾ സ്വന്തം തലച്ചോറിൽ വരുത്തേണ്ട സമയത്തെ ശപിച്ചു നിൽക്കുന്നൊരു ജനത...

ഇതെല്ലാം മുന്നേ കണ്ടാണ് ഞങ്ങൾ ഒരു തീരുമാനം എടുത്തത്... ആരെയും വിളിക്കണ്ട... വീട്ടുകാർ മാത്രമായി ഒതുങ്ങി നില്ക്കുന്ന ചെറിയൊരു പരിപാടി ആവണം എന്നത്... എങ്കിലും എന്റെ ചെക്കൻ അഭിനവും അനുജിത്തും അനീസും അജു വും ദേവേട്ടനും, അശ്വിനും വാവാച്ചി യും റിഷാനും ഒക്കെ വന്നിരുന്നു... അവരിൽ മാത്രം ഞാനത് ഒതുക്കി വെച്ചു... അത്രയും പ്രിയപ്പെട്ടവർ... സ്കൂളിലെ ആരെയും അറിയിച്ചില്ല... ആരോടും പറഞ്ഞില്ല... എന്റെ കൂടെ പഠിച്ചവരോട് ഒന്നും പറഞ്ഞില്ലെങ്കിലും സൂര്യയോട് ഞാൻ പറഞ്ഞിരുന്നു... സ്കൂളിൽ ഇത് പറയാൻ എനിക്ക് തോന്നിയിരുന്ന ഒരാൾ ഉണ്ടായിരുന്നു... അയാളോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട്... നാളെ പറയാം എന്ന് ഞാൻ പറഞ്ഞിരുന്നു.. HSST MATHEMATICS... പക്ഷെ പരീക്ഷയുടെ തിരക്കലുകൾ എന്നെ പലതിൽ നിന്നും പിന്തിരിപ്പിച്ചു... മാത്രമല്ല അഗാധമായൊരു വേർപിരിയലിന്റെ ആഴത്തിലേക്ക് ഞാനും ഒഴുകി മാറുന്നുണ്ട്...

ഇതിലുപരി ഞാൻ ക്ഷണിച്ച എന്റെ ചെക്കാനൊരാൾ വന്നില്ല.. അവൻ വരില്ലെന്ന് എനിക്ക് അറിയാമായിരുന്നു...

കുടിയിരിപ്പിനു കിട്ടിയ സമ്മാനപൊതികൾ പൊട്ടിച്ചു നോക്കുന്നതിന് ഇടക്ക്,എനിക്കൊരു സമ്മാനം കിട്ടി... ആ സമ്മാനത്തിന് ഞാനൊരു മറുപടി എഴുതി,


"ഒരു ജന്മം മുഴുവൻ കുട്ടികൾക്കായി സമർപ്പിച്ച ഒരാളുടെ കഥ എന്നിലേക്ക് തുന്നി ചേർത്തതിന്, ഉള്ളിലെവിടെയോ എന്റെ ഹൃദയം കുരുന്നുകളിലേക്ക് അടുക്കുന്നുവെന്ന് വായിച്ചറിഞ്ഞു പുസ്തക തിരഞ്ഞെടുപ്പ് നടത്തിയതിനോട്,

അതിലുപരി, ക്ഷീണം ബാധിച്ച ശരീരം നോക്കി അക്ഷരങ്ങൾ പുഞ്ചിരിച്ചപ്പോൾ, ധ്വനിയുടെ നാദങ്ങൾ ഒരിക്കൽ എങ്കിലും കേൾക്കണമെന്ന് തോന്നിയൊരു നിമിഷത്തിൽ,

ഈ വരികൾ എന്നെ തിരിച്ചു കൊണ്ട് വരുന്നുണ്ട്. ഒരു ഹിമാലയൻ ടാസ്ക് കഴിഞ്ഞു നടു നിവർത്താൻ പോവുന്ന എനിക്ക് ഈ നാല് വരികൾ ഒരു ജീവനാണ്, ഒരു ശൈലിയാണ്, അതിനേക്കാൾ ആശ്വാസമാണ്... നന്ദി എങ്ങനെ പറയണമെന്നറിയില്ല...

ധ്വനി നാദങ്ങൾ എന്നിലേക്ക് നീട്ടാൻ കാരണമായ വസന്തത്തിന്റെ വാസനാ വികൃതികൾക്ക് സ്തുതി."

ഈ ദിവസം മാർച്ച്‌ 18 എന്നും ജീവിക്കുന്നൊരു ഓർമയായി എന്നിൽ ഉണ്ടാവും. കാരണം പലരെയും ഞാൻ മനസിലാക്കിയ ദിവസമാണ് ഇന്ന്. ഒന്നുമല്ല നീയൊന്നും എന്ന് പിതൃ മേധാവിത്വ വ്യവസ്ഥിതി എഴുതി ചേർത്ത ഒരു സ്ത്രീയുടെ വിജയം ഞാനിന്ന് കണ്ടു. അത് മതി. ഇനി അങ്ങോട്ട് മുകളിലേക്ക് പോയാലും വേണ്ടില്ല. ❤️





ഒരു അടഞ്ഞ അധ്യായം.#

ഞാൻ അവനു സ്വാതന്ത്ര്യം നൽകി.ഞാൻ അവനെ അവനിഷ്ടം പോലെ നടക്കാൻ തുറന്ന് വിട്ടു. അപ്പോഴിതാ ഞാൻ കണ്ടു... വസന്തങ്ങളുടെ ഒരു കൊടുങ്കാറ്റ് അവൻ എനിക്ക് സമ്മാനിക്കുന്നു. ഒരു തോൾ സഞ്ചി യും കറുത്ത ഷർട്ട്‌ യുമായി അവൻ നടന്ന ലോകങ്ങൾ ചില്ലറയല്ല. അവന്റെ ആശാൻ അവനെന്നും പ്രിയപെട്ടവനാ... ആശാനിലൂടെ, ശബരിയിലൂടെ, അവൻ ഇടപഴകുന്ന എല്ലാവരിലും അവനൊരു ജീവൻ തുളുമ്പുന്ന നോങ്കായി മാറി കഴിഞ്ഞിരുന്നു. അതെ എന്നിലും...
ഒരിക്കൽ കൂടി ഞാൻ അവന്റെ മുൻപിലെത്തി...
അവനെ കാണാതെയും കേൾക്കാതെ ഒന്നും എനിക്ക് പറ്റില്ല...
അനിയനായി, സുഹൃത്തായി ഈ നെഞ്ചിൽ കേറ്റി കൊണ്ട് നടന്നൊരാളെ ഒരു സുപ്രഭാതത്തിൽ ഉപേക്ഷിക്കേണ്ടി വരുമ്പോൾ. 
ഞങ്ങൾ ഇന്ന് കരിമ്പ് ജ്യൂസ്‌ കുടിച്ചു. അനീഷ് ഏട്ടന് ആക്‌സിഡന്റ് പറ്റിയത് അവൻ എന്നെ അറിയിച്ചിരുന്നില്ല. ഒരു മാസം കഴിഞ്ഞു ഞാൻ അവനെ കണ്ടിട്ട്... ഒത്തിരി വെപ്രാളം തന്നൊരു രാത്രി ഞാനവനെ ക്കുറിച്ച് പറഞ്ഞ ചില വാക്കുകൾ... അതാണ് ഇത്രയും നീണ്ട അകൽച്ചക്ക് കാരണമായതെന്ന് പറഞ്ഞാൽ...
എല്ലാം എന്റെ ചിന്തകളുടെ പ്രേശ്നമായിരുന്നു.
ഇന്ന് ഞാൻ ഒരു ഒളിച്ചോട്ടത്തിലാണ്.. ആൾക്കൂട്ടത്തെ ഞാൻ ഭയക്കുന്നുണ്ട്..
അനീഷ് ഏട്ടന്റെ വീടിന്റെ മുൻപിൽ വെച്ച് പോലീസ് ലിസ്റ്റിൽ ഷോര്ട്ട് ലിസ്റ്റ് ചെയ്തുവെന്ന് ഞാനവനെ അറിയിച്ചപ്പോൾ അവന്റെ മുഖത്ത് വന്ന ആ സന്തോഷത്തെ ഞാൻ ആരും കാണാതെ ആസ്വദിച്ചിരുന്നു.
ഞങ്ങൾ രണ്ടാളും അനീഷ് ഏട്ടനെ കാണാൻ നടന്നു... സത്യം പറഞ്ഞാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമം വന്നു... അധികസമയം അവിടെ നിന്നില്ല..
വണ്ടിയെടുത്തു.
ഡാ... ആളൊഴിഞ്ഞ ഒരു സ്ഥലത്ത് നിർത്തണം.
എന്തെ... ഏയ്‌.. ഒന്നുല്ലടാ..
വണ്ടി കുറച്ച് മുന്നോട്ട് വന്നു..
നിന്റെ മനസിലുള്ളത് ഛർദിക്കാൻ ഇതിലും വലിയൊരു സ്ഥലം വേറെ ഉണ്ടോയെന്നു എനിക്കറിയില്ല.
മുന്നോട്ട് ഞാൻ നോക്കി..
നീണ്ടു പരന്ന് കിടക്കുന്ന ശമ്ശാനം.
ഒരു നീണ്ട നിശബ്ദത ഞങ്ങളെ തഴുകി.
വണ്ടിയിൽ നിന്ന് ഞാൻ ഇറങ്ങിയില്ല.... എന്റെ കൈകൾ അവനെ വാരിപുണർന്നു..
ഞാൻ അവന്റെ മുതുകിനോട് ഒട്ടിയിരുന്നു.
കണ്ണേട്ടാ.. എന്തെ... നീ പറ.. ഞാൻ അവന്റെ കഴുത്തിൽ ഉമ്മ വെച്ച്...
ഈ വരുന്ന 18 ന് വീട് കുടിയിരിക്കുകയാണ്. നീ ഇങ്ങോട്ട് ഒന്നും പറയരുത്.. നീ വരണം... എന്റെതായ് എനിക്ക് ക്ഷണിക്കാൻ വളരെ ചുരുക്കം മനുഷ്യരെ, സൗഹൃദങ്ങളെ ഇന്നെനിക്ക് ഉള്ളൂ... വരില്ലെന്ന് പറയരുത്..
ഇന്റെ കണ്ണേട്ടൻ വിളിച്ച ഞാൻ വരാതെ ഇരിക്കുമോ?
ഒറ്റ വാക്കിൽ അവനോതുക്കി. അവരൊന്നും ഒന്നും പറയില്ല.
കുറച്ച് അധികം നേരം ഞാൻ ആ മുതുകത്തു അങ്ങനെ ചെർന്നിരുന്നു... ആളുകൾ ശ്രദ്ധിക്കും... ഇല്ല... ഇനി കണ്ടാലും. കുഴപ്പം ഒന്നും ഇല്ല....
മാസങ്ങൾ ആയിരുന്നു ഞങ്ങൾ കണ്ടിട്ട്... സ്റ്റാൻഡിൽ നിന്നും ഒരു കാരണവും ഇല്ലാതെ പെട്ടന്ന് ഒരു അടിയുണ്ടാക്കി പിരിഞ്ഞതാണ് ഞാൻ...
അവനറിയാം ഞാൻ കുറച്ച് കഴിഞ്ഞാൽ അന്വേഷിച്ചു വരുമെന്ന്..
അവൻ തന്ന ആത്മവിശ്വാസം പേറി കുറച്ച് വാശി ഒക്കെ പിടിക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ചെറിയ കുട്ട്യേ ഞാൻ പരിപോഷിച്ചു കൊണ്ട്വരുമായിരുന്നു.
കുറച്ച് കഴിഞ്ഞു ബസിൽ ഞാൻ കേറിപോവാം എന്നോക്കെ പറഞ്ഞു. പക്ഷെ ചെക്കൻ സമ്മതിച്ചില്ല... ഹീറോയിസം കാണിച്ചു റോഡ് മുറിച്ചു നടക്കുമ്പോ ഒരു പയ്യൻ ബൈക്ക് നേരിൽ കൊണ്ടുവന്നു. ഞാൻ തീർന്നു കരുതി.
പക്ഷെ ഒന്നും സംഭവിച്ചില്ല..
അവനെ മാർച്ച്‌ 18 ന് കണ്ടാൽ അമ്മയുടെ മറുപടി എന്തായിരിക്കും? അറിയില്ല... എന്നാലും എനിക്കറിയാം ... അവൻ അന്ന് വരില്ല... അത് ഉറപ്പാണ്.കാരണം അമ്മ അവന്റെ മനസ്സിൽ ഉണ്ടാക്കിയ മുറിവ് ചെറുതല്ല എന്നതാണ്.. ഒരുപക്ഷെ അമ്മയെ ഞാൻ ഏറ്റവും കൂടുതൽ വെറുത്ത നിമിഷം അന്നായിരിക്കാം... ഓർക്കാൻ ഇഷ്ടമില്ലാത്ത ആ ദിനം ഒരു പേടി സ്വപ്നം പോലെ എന്നെ വേട്ടയാടികൊണ്ടേയിരിക്കുന്നു.

ഇന്ന് ആ ദിനം കഴിഞ്ഞു പോയിരിക്കുന്നു. ഞാൻ കരുതിയ പോലെ തന്നെ അവൻ വന്നില്ല. എന്തുകൊണ്ടാണ് അവൻ വരാത്തതെന്ന് ചോദിക്കാൻ ഞാനും മറന്നില്ല. 2 മണി വരെ മാർച്ച്‌ 18 ന് അവനെ കാത്തു. വയറ്റിനുള്ളിൽ നിന്ന് എന്തോ ശബ്ദം വന്നപ്പോ ഞാൻ മനസിലാക്കി, വിശക്കാൻ തുടങ്ങിയെന്ന്.
അവനെ വിളിക്കാൻ ഫോൺ എടുത്തു.
ആദ്യം 2 3 വട്ടം വിളിച്ചപ്പോ ഫോൺ എടുക്കുന്നില്ല.
അവൻ തിരിച്ചു വിളിച്ചു. ഡാ.. നീ എവിടെ? നീ മറന്നു ലെ..
ഡാ.. ഞാൻ മറന്നു. അന്നോട് ഞാൻ ഇന്നലെ ഒന്ന് ഓര്മിപ്പിക്കാൻ പറഞ്ഞത് അല്ലേടാ..
അങ്ങനെ ഓർമിപ്പിച്ചിട്ട്‌ വേണം അവനു ഇങ്ങോട്ട് വരാൻ..
അത് കുഴപ്പമില്ല എന്ന് പറഞ്ഞു ഫോൺ കട്ട്‌ ആക്കി.
വിഷമം ആയി. രണ്ട് കൈയിൽ ചോറ് എടുത്തു വിളമ്പി. അവൻ കൂടെയുള്ളത് പോലെ ഞാനത് വാരി കഴിച്ചു. വാട്സ്ആപ്പ് എടുത്തു കുഴപ്പമില്ല നീ ഇതുവഴി വരുമ്പോ വന്നാൽ മതി എന്നൊക്കെ പറഞ്ഞു.. അവനും സന്തോഷം.
പക്ഷെ മറ്റാരെക്കാൾ എനിക്കറിയാം. എന്റെ വിളിക്ക് ശേഷം അവനു സമാധാനം കിട്ടി കാണില്ല.
അതിനുശേഷം എനിക്ക് അവനെ കാണാതെ ഇരിക്കാനും പറ്റിയിരുന്നില്ല.
എൻട്രൻസ് ന് അപേക്ഷിക്കാൻ വേണ്ടി ഞാനവനെ വിളിച്ചു വരുത്തി. അവന്റെ കൂടെ അന്ന് അവന്റെ വീട്ടിൽ പോയി. ഞാൻ അവന്റെ അടുത്ത് കുറെ നേരം കിടന്നു. സംസാരിച്ചു... ഞാനൊരു ചെറിയ കുട്ടിയായി മാറും അവൻ അടുത്ത് ഉണ്ടെങ്കിൽ. അത് എന്നത്തെയും പോലെ അന്നും അങ്ങനെ ആയി. വൈകീട്ട് ഞങ്ങൾ കൊട്ടോപ്പാടം പോയി. ഗോകുൽ നെ കണ്ടു. ഞങ്ങൾ വണ്ടീൽ അങ്ങോട്ടും ഇങ്ങോട്ടും തെണ്ടി നടന്നു. ചായ കുടിച്ചു. അങ്ങനെ അവൻ എന്നെ വീട്ടിൽ കൊടുന്നുവിട്ടു. എന്നിട്ട് വീട് കാണിച്ചു കൊടുത്തു. പുറത്ത് നിന്ന്.
ഇതുവരെ വന്നിട്ട് വീട്ടിൽ കയറാതെ അവൻ പോയപ്പോ ഒത്തിരി വിഷമം ആയി. അതിലേറെ മറ്റൊരു സന്തോഷം അവൻ അന്ന് എനിക്ക് തന്നിരുന്നു. ഞാൻ അതുമായി സന്തോഷം പങ്കിട്ടു.

ഇത്രമാത്രം വർണിക്കാൻ ഇവൻ ആരാണ് എന്നല്ലേ... അതെ.. ഇത് ഇന്റെ അർജു ആണ്. ഒരു മനുഷ്യവാദി. കൂടാളികളേം പടയാളികളീം കൂടെ മുണ്ട് മുറുക്കി കൂട്ട് പിടിക്കണ ഇന്റെ അർജു.
അമ്മ ചോദിച്ച ഒരു ചോദ്യമുണ്ട്... ഓനെ ആയിട്ട് അനക്ക് എന്താ ബന്ധം. അന്റെ കുടുംബം ആണോ?
അമ്മയുടെ കോണിൽ ഒരേ കുടുംബം ആണെങ്കിൽ മാത്രമാണ് അവരുടെ വീട്ടിൽ നമ്മുക്ക് പോവാനും അവരുമായി സമയം ചിലവഴിക്കാനും ഒക്കെ പറ്റു... എന്റെ കുടുംബം വെച്ഛ് ആരുമല്ല, പക്ഷെ കുടുംബക്കാർക്ക് അറിയാത്ത ഒരു എന്നെ അർജുവിന് അറിയാമെന്നു ഞാൻ പറയുമ്പോ, അവരൊക്കെ ഒരു പുച്ഛത്തോടെ നോക്കിയിരുന്നത് ഞാൻ കണ്ടിരുന്നു. ഈ പറയുന്ന കുടുംബം അമ്മക്ക് എന്താണ് തിരിച്ചു കൊടുത്തത്.? സ്വന്തം അച്ഛൻ നാട് വിട്ട് പോയപ്പോൾ, അയാൾക്ക് ഏറ്റവും ആവശ്യമുള്ള വാർദ്ധക്യത്തിൽ അയാൾക്ക് ഒരു കൈതുണ ഏകാൻ പോലും പറ്റാത്ത ഇവരാണ് എന്നെ ഉപദേശിക്കാനും എന്റെ സൗഹൃദത്തിൽ കളങ്കം കാണാനും വന്നതെന്ന് ഞാൻ നോക്കി കാണുമ്പോൾ, അവർക്ക് മുന്നിൽ കുത്തിയിരുന്ന് ഒരു പുച്ഛം തിരിച്ചു കാണിക്കണം എന്നുണ്ട് എനിക്ക്. പക്ഷെ ഈ എഴുത്തിനപ്പുറത്ത് ഞാനത് എന്നിൽ മാത്രം ഒതുക്കി.
അവനിലെ രഹസ്യങ്ങൾ ഒന്നും അറിയില്ലെങ്കിലും എന്റെ രഹസ്യങ്ങൾ, എന്തിനേറെ എന്നെ തന്നെ ചുമക്കുന്ന ഒരുത്തൻ ആണത്. ഞാൻ ചിലപ്പോൾ അവന്റെ സാമിപ്യം കൊണ്ട് സന്തോഷിക്കാറുണ്ട്. എന്റെ കൂട്ടുകാരിൽ ഒരാളുടെയും വീട്ടിൽ ഞാൻ പോയിട്ടില്ല. പക്ഷെ അർജുവിന്റെ വീട്ടിൽ കഴിഞ്ഞ 2 കൊല്ലത്തോളമായി ഞാൻ സ്ഥിര സന്ദർശകൻ ആണ്. അവിടെന്ന് ഞാൻ കൊതി പൂണ്ടു ഭക്ഷണം കഴിക്കാറുണ്ട്. പലപ്പോഴും ആസ്വദിച്ചു ഞാൻ സന്തോഷത്തോടെ കഴിക്കാറുണ്ട്. അവനൊപ്പം ഞാൻ എന്റേതായ ലോകത്ത് പാറി നടക്കാറുണ്ട്.
ഒരു കരുത്താണ് എനിക്കത്.. അതെന്താണ് അങ്ങനെ ന്നല്ലേ.. അത് അങ്ങനെയാണ്. ഫുൾ സ്റ്റോപ്പ്‌ ഇടാൻ സാധിക്കാത്ത ഒരു പൈതൃകം അവനിലുണ്ട്. അവൻ എന്റെ ആണെന്നും പറഞ്ഞു ഞാൻ ഉണ്ടാക്കിയ പുകിൽ ഓർക്കുമ്പോൾ സത്യം പറഞ്ഞ എരിയുന്ന തീയിൽ ചാടാൻ തോന്നുന്നുണ്ട്. ഇത്ര കഴിവുള്ള ഒരുത്തനെ ഞാൻ എന്റെയാക്കി നിർത്താൻ പറ്റുമോ? ഇല്ല. വിട്ടയക്കണം. അവൻ അവന്റെ ലോകത്തേക്ക് ചേക്കേറട്ടെ ലെ.

എന്നെയറിയുന്ന ഏതൊരാൾക്കും പകലും രാത്രിയുമെന്നോണം അവനെയും അറിയാം. ആരാണ് ഇയാൾ എനിക്കെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. കാരണം ദിനം പ്രതി ഞങ്ങൾക്കിടയിൽ ചോദ്യങ്ങളും ഉത്തരങ്ങളും ജനിച്ചു കൊണ്ടേയിരുന്നു.ഇന്നത്തെ പ്രഭാതത്തിൽ ഒരു സ്വപ്നത്തിൽ ഒട്ടും പതിവില്ലാതെ ഇയാൾ പ്രത്യക്ഷപ്പെട്ടു. മുഴുവൻ കണ്ട് തീരാതെ ഞാൻ ഉണർന്ന്.
ഒരു കടൽത്തീരം...
ദൂരേക്ക് നോക്കി നിൽക്കുന്ന ഇവൻ...
തിരമാലകൾ വന്നുകൊണ്ടിരിക്കുന്നു..
അവന്റെ കാലുകൾ മണലുകളിൽ ഒട്ടിയിരുന്നു. കടൽ ശാന്തമല്ല... രൂക്ഷമായ തിരമാലകൾ വന്ന് തീരത്തെ എടുത്തു കൊണ്ടു പോവുമ്പോൾ, കൂടെ ഇവനെയും കൊണ്ട്പോവുന്നു. കുറച്ച് ദൂരെ നിൽക്കുന്ന ഞാൻ ഇത് കണ്ട് ഒന്നും ചെയ്യാതെ നിൽക്കുന്നു.
ഉറക്കം ഉണർന്ന ഞാൻ അവന്റെ വാട്സ്ആപ്പ് എടുത്തു നോക്കി. അവിടെത്തന്നെ അവൻ ഉണ്ടെന്ന് ഉറപ്പ് വരുത്തി.
ഒരു പേപ്പർ എടുത്ത് ഇങ്ങനെ എഴുതി.

മഴ തോർന്നു തുടങ്ങിയിരിക്കുന്നു. കയ്യിലുള്ള കുട ഞാൻ പതുക്കെ മടക്കി പിടിച്ചു.
കുട മടക്കി മുന്നോട്ട് നടന്നു. അപ്പോഴാ... സൗഹൃദത്തിന്റെ പുകയിലയിൽ ഞങ്ങൾ അലിഞ്ഞു ചേർന്ന്..
മുഴുനീള യാത്രയിൽ ഒരല്പം ഓർമ്മകളും ആ ഇളം കാറ്റിൽ കൂടെ കൂടി.ഓർമകളുടെ തഴുകൽ പിടിമുറുക്കി കൊണ്ടേയിരിക്കുമ്പോൾ, ഒരു കാറ്റിൽ അപ്പൂപ്പൻ താടികൾ പറന്ന് ദേഹത്തു വീണു.ശേഷം അവർ കണ്ട കാഴ്ചകളുടെ കഥകളിലായി യാത്ര തുടർന്നു കൊണ്ടേയിരുന്നു.പുതിയ യാത്രകൾ അവരെ ജീവിപ്പിച്ചു കൊണ്ടേയിരുന്നു....

മുകളിൽ ഉള്ളത് പണ്ട് ഞാനും അവനും ഒരുമിച്ച് ചാറ്റിൽ എഴുതിയതാ.. അവന്റെ സാമിപ്യം പലപ്പോഴും എന്നെ എഴുത്തിലേക്ക് വഴി തിരിച്ചു വിട്ടിരുന്നു . ഞാൻ എല്ലാ കാര്യങ്ങളും ഒരു മാനുവൽ കോണിൽ നിന്നാണ് കാണുന്നത് എന്ന് എന്നെ പറഞ്ഞു മനസിലാക്കി തന്നത് അവനാണ്. ജീവിക്കുമ്പോൾ നമ്മൾക്ക് ഇഷ്ടപ്പെട്ടൊരു കോണിൽ നിന്നും കാര്യങ്ങളെ നോക്കി കാണണമെന്ന് എന്നോട് പറയാതെ പറഞ്ഞിട്ട് ഉണ്ട് ഇയാൾ. പലപ്പോഴും അവൻ എന്നെ സഹിക്കുകയായിരുന്നു. എനിക്കും അതറിയാമായിരുന്നു. എല്ലാം മറന്ന് വീണ്ടും അവൻ എന്റെ അടുത്തേക്ക് എത്തും. അവനല്ല, ഞാൻ തന്നെ. ഒരു ഡിസംബർ 22 ന് നിരുപധികം എന്നെ ഒഴിവാക്കിയത് ആണ് അവൻ .ആ സൗഹൃദം മരണപെട്ടുവെന്ന് അലറിവിളിച്ചിരുന്ന ആ രാത്രി, വാതിലിന് അടുത്തു വന്ന് അമ്മ എനിക്ക് കാവൽ ഇരുന്നത് ഞാന് ഇന്നലെ കഴിഞ്ഞ പോലെ ഇന്നും ഓർക്കുന്നുണ്ട്. എന്റെ അത്രയയും പ്രിയപ്പെട്ടൊരു ഹൃദയമാണ് അതെന്ന് അവർ അന്ന് മനസിലാക്കി കാണും.ആ  രാത്രി ഞാനൊരു ഭ്രാന്തനായിരുന്നു. പിറ്റേ ദിവസം ഒന്നും സംഭവിക്കാത്ത പോലെ കോളേജിലേക്ക് പോവുമ്പോൾ പേഴ്സ് ഇൽ ഉണ്ടായിരുന്ന അവന്റെ ആധാർ കാർഡും, ഫോട്ടോ യും എന്റെ കയ്യിൽ തട്ടി. തിരിച്ചു കൊടുക്കാൻ തീരുമാനിച്ചു. സ്റ്റാൻഡിൽ അവൻ ഉണ്ടായിരുന്നു. അടക്കി പിടിച്ച ഹൃദയത്തോടെ അവന്റെ അടുത്ത് ചെന്ന്. പ്രജിത്തും ഉണ്ടായിരുന്നു. ആധാർ കൊടുത്തു. ഞാന് ഇതിൽ നിന്നൊരു ഫോട്ടോ എടുക്കുന്നുണ്ട്... അത് എനിക്ക് വേണമെന്ന് പറഞ്ഞു ബസിൽ കേറി. വൈകീട്ട് വീട്ടിൽ വന്നിട്ട് തലേണയിൽ മുഖം കൂപ്പി കിടന്നു. ആരും കാണാതെ ഞാൻ ഒരു പണി ഒപ്പിച്ചിരുന്നു. രാത്രി 9 മണി കഴിഞ്ഞും റൂമിൽ നിന്ന് പുറത്ത് വരാതെ ഇരുന്നപ്പോൾ സംശയം തോന്നി. അമ്മ വന്നു... കുഴഞ്ഞ സംസാരം... തലയിൽ ഒരു കനം. പിന്നെ എങ്ങനെയോ 4,5 മാസങ്ങൾ... അയാളെ ഞാൻ കണ്ടില്ല... അയാൾ എന്നിൽ നിന്നും മാറി നടന്ന പോലെ.. ഞാൻ സാധാരണ നിലയിൽ ആയി. ഫോണിൽ ഉള്ള ബ്ലോക്ക്‌ ഞാൻ മാറ്റി. പതിയെ പതിയെ ആളോട് സംസാരം തുടങ്ങി.കൂടുതൽ മറുപടികൾ ഇല്ല. ചോദ്യങ്ങളും ഇല്ല.  ഒരു ജോലി വേണമായിരുന്നു. ജോലിക്ക് വേണ്ടി ഞാൻ പഠിക്കാൻ തുടങ്ങി. ജൂണിൽ അപ്പോയ്ന്റ്മെന്റ് ഓർഡർ കയ്യിൽ കിട്ടിയിട്ട് ഞാൻ അവനെ കാണാൻ ചെന്ന്... അവന്റെ വിശേഷങ്ങൾ ഞാൻ ഒന്നും അറിയാറില്ല. പിന്നെ പിന്നെ നാട്ടിൽ വരുമ്പോൾ എന്നെ കാണാൻ വരുന്ന സാബിത് അവനെ കുറിച്ച് എന്നോട് പറയാൻ തുടങ്ങി. പക്ഷെ ഞാനത് ആഗ്രഹിച്ചിരുന്നില്ല. ഞാൻ അതിനോട് എല്ലാം മുഖം തിരിച്ചു. എനിക്ക് അറിയാൻ ഉള്ളത് ഞാൻ അവനിൽ നിന്നറിയാം. എല്ലാ മാസവും ഒരു വട്ടം ഞാൻ എങ്ങനെയെങ്കിലും ഒക്കെ അവനെ കാണും. സംസാരിക്കും. അത്ര തന്നെ. ജോലി തിരക്കുകൾ ആ സൗഹൃദത്തിന്റെ ഉള്ളം കുറച്ചു വെന്ന് എനിക്ക് തോന്നി. പക്ഷെ പൂർണമായും ഞാൻ അവനെ മറന്നില്ല. ഒറ്റക്ക് ഇരിക്കുമ്പോൾ ഞാൻ ഓർക്കും. വിളിച്ചു നോക്കും. പരസ്പരം കാണാൻ പ്ലാൻ ചെയ്യും. അങ്ങനെ ഒരു ദിവസം ഞാൻ അവനോട് എന്നെ പറ്റിയുള്ള സത്യങ്ങൾ തുറന്ന് പറഞ്ഞു.അവൻ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു.എന്നോട് ഒന്നും പറഞ്ഞില്ല. ഇപ്പോൾ ഞങ്ങൾ കാണാറില്ല. ഞങ്ങൾ പരസ്പരം അകൽച്ച പൂണ്ട വക്കിലെത്തി. പക്ഷെ എനിക്കറിയാം. ഞാൻ വിളിച്ചാൽ ഒരു മൈരനും വരില്ല. ഈ മൈരനും വരില്ല... ആ ആത്മവിശ്വാസത്തിൽ ഞാൻ ജീവിക്കുകയാണ്. അല്ല പിന്നെ.

ഞങ്ങൾ പരസ്പരം ആത്മഹത്യാ ചെയ്തു. പക്ഷെ ആ മനുഷ്യ വാദി എന്റെ രചനകളിലും എന്റെ ഹൃദയത്തിലും എന്നും ജീവിച്ചു കൊണ്ടേയിരിക്കും. ജീവിക്കട്ടെ... എന്റെ മരണം വരെ... അത് വിദൂരമല്ല താനും.

ഞാൻ കൊതി തീരുവോളം എഴുതി തീർക്കുകയാണ്... എന്തിനാണ് എന്നല്ലേ... കെട്ടടങ്ങി പോവാൻ. അവനിൽ എനിക്കുള്ള ആസക്തി കേട്ടടങ്ങി പോവാൻ. പക്ഷെ എന്റെ പട്ടട കത്തി തീരുന്നത് വരെ ആ ആസക്തി എന്നിലുണ്ടാവുമെന്ന് എനിക്കറിയാം. പക്ഷെ ഞാനത് എഴുതി അവസാനിപ്പിക്കും... എന്നെന്നേക്കുമായി.. ഒരാളും ഒരാളെയും ഇത്രയധികം സ്നേഹിക്കരുത്. ഫുൾ സ്റ്റോപ്പ്‌ ഇടാൻ കഴിയാതെ വന്നാൽ കൊഴിഞ്ഞു പോയ കൊന്ന പൂവുപോലെ നിറം മങ്ങി നമ്മളും മാറും.. അസ്ഥി ക്ക് പിടിച്ച സൗഹൃദങ്ങൾ നമ്മളെ ഇല്ലാതാക്കും.... കൊന്നു കളയും... ഇവനിൽ നിന്ന് എനിക്ക് അങ്ങനെ യുണ്ടാകുമോ... കാത്തിരിക്കാം.. പക്ഷെ..

ഞാൻ നിന്നിലും നീ എന്നിലും എന്നേ മരിച്ചു കഴിഞ്ഞിരിക്കുന്നു...

ഞാൻ ആ യാഥാർഥ്യം മനസിലാക്കുന്നു സുഹൃത്തേ..



: സങ്കല്പികം 




ഇന്റെ H1D