*എന്റെ കുട്ടി എനിക്കൊരു രാജാവിനെ കാണിച്ചു തന്ന്*
ഓരോ ദിവസവും ചുരം കേറുന്നത് എന്തെങ്കിലും ഒക്കെ ഓർത്തായിരിക്കും. മിക്കവാറും വീട്ടിലെ സാഹചര്യങ്ങളും ജോലിയിൽ എങ്ങനെ മികച്ചത് ആവാം എന്നൊക്കെയുള്ള ചിന്തകൾ ആയിരിക്കും. പക്ഷെ വളരെ അപ്രതീക്ഷിതമായി മായിട്ടാണ് തിങ്കളാഴ്ച അഞ്ചാം ക്ലാസ്സിലെ എന്റെ ഒരു കുട്ടി സർ, എനിക്ക് കെ. എസ് ആർ. ടി. സി ബസിൽ ഡ്രൈവർ ആവണമെന്ന ആഗ്രഹം എന്നോട് പങ്കുവെച്ചത്.
ജലസംരക്ഷണത്തിന്റെ ആവശ്യകത ചൂണ്ടി കാണിക്കുന്ന കയ്യെഴുത്തുമാസിക ഉണ്ടാക്കാൻ കൃതികൾ ക്ഷണിക്കാൻ പോയ ഞാൻ ആ നിമിഷം അവളുടെ സംസാരത്തിന് അത്ര പ്രാധാന്യം കല്പിച്ചില്ല. പക്ഷെ അന്ന് മുഴുവൻ അവൾ എന്റെ ചുറ്റും തന്നെ ഉണ്ടായിരുന്നത് ഞാൻ തിരക്കുകൾക്ക് ഇടയിൽ ശ്രെദ്ധിക്കുക്കുന്നുണ്ടായിരുന്നു.
പിറ്റേ ദിവസം അതായത് ചൊവ്വാഴ്ച ഞാൻ അവളെ അടുത്ത് വിളിച്ചു.
ഞങ്ങൾ രണ്ടാളും ഞാവിൽ മരത്തിന്റെ താഴെയുള്ള ഇരിപ്പീടത്തിൽ ഇരുന്നു.
ടീച്ചറോട് മോൾ എന്തോ ഇന്നലെ പറഞ്ഞില്ലേ...
അത്... അവൾ പറയാൻ തുടങ്ങി.
എനിക്ക് കെ. എസ്. ആർ. ടി. സി യിൽ ഡ്രൈവർ ആവണം.
ഞാൻ അവളെ ഒന്ന് നോക്കി.. ആ നിഷ്കളങ്കമായ മുഖം നോക്കി തിരിച്ചു എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
എന്തുകൊണ്ടാ, കുഞ്ഞാ അങ്ങനെ പറഞ്ഞത്?
സാറേ... ഞാനെയ് കാഞ്ഞിരപ്പുഴയിൽ നിന്നും സ്കൂളിൽ വരുമ്പോ കെ. എസ്. ആർ. ടി. സി യുടെ ഏറ്റവും മുന്നിൽ ഉള്ള സീറ്റിൽ ആണ് ഇരുന്നത്. എന്റെ കൂടെ തൊട്ട് ബാക്കിൽ അമ്മയും അച്ഛനും ഉണ്ടായിരുന്നു. ഞാൻ ഡ്രൈവർ വണ്ടി ഓടിക്കുന്നത് കണ്ടു.
ബസ് പോവുമ്പോ ഓപ്പോസിറ് വരുന്ന മുഴുവൻ വണ്ടികളും ഡ്രൈവർ നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. കൈകൾ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്. ഞാൻ അതൊക്കെ കുറെ നേരം നോക്കിയിരുന്നു. ഡ്രൈവർ അവരുടെ സീറ്റിൽ ഇരുന്ന് വണ്ടിയുടെ സ്റ്റിയറിങ് തിരിക്കുന്നത് ഒരു രാജാവിന്റെ പോലെയാണ്.
എന്റെ വണ്ടി... എന്റെ രാജ്യം.. എന്റെ രാജ്യത്തിലെ പ്രജകൾ കുറച്ച് ലക്ഷ്യത്തിന് വേണ്ടി യാത്ര ചെയ്യുന്നു. ഈ ഞാൻ ആണ് അവരെ അവിടങ്ങളിൽ എത്തിക്കുന്നത് എന്നത് ഒരു വലിയ കാര്യം അല്ലെ...
ചിരിയും തമാശയും കലർന്ന ഒരു പത്തു പത്രണ്ട് മിനിറ്റു നേരത്തെ സംഭാഷണം അവസാനിച്ചത് ആ ഇലക്ട്രോണിക് ബെല്ലിന്റെ നീണ്ട ശബ്ദത്തിൽ ആണ്.
അവൾ പറയുന്നത് കേട്ടിട്ട് ഞാൻ അതിശയപ്പെട്ടു പോയി. ഇവൾ ഇങ്ങനെ ഒക്കെ ആളുകളെ നീരിക്ഷിക്കാൻ തുടങ്ങിയോ? ഞാൻ ഇതുവരെ ഡ്രൈവർ മാരെ ശ്രെധിച്ചിട്ടില്ല.
തൊട്ട് അടുത്ത ദിവസം ഞാൻ വീട്ടിൽ നിന്നും നേരത്തെ ഇറങ്ങി. ബസ് വന്നു... ബസിൽ കയറാൻ ഉണ്ടായിരുന്ന ബഹുജനങ്ങളെ തള്ളി മാറ്റി തിരക്കുകൾ ജനിപ്പിച്ചു ഞാൻ കെ. എസ് ആർ ടി. സി യുടെ മുൻനിരയിലെ സീറ്റ് സ്വന്തമാക്കി. ഹിമാലയം കീഴടക്കിയ സന്തോഷം എന്റെ മുഖത്ത് വിടർന്നു. അത് പിന്നെ അങ്ങനെ അല്ലെ....
ഡ്രൈവവർ വന്നു. വണ്ടി എടുത്തു. അവളുടെ വാക്കുകൾ ഒന്നൊന്നായി എന്റെ മനസ്സിൽ വരാൻ തുടങ്ങി.
ശെരിയാണ്. ആള് ആൾടെ പ്രജകളെ വിവിധ ലക്ഷ്യങ്ങളുടെ പൂർത്തികരണത്തിനായി വിവിധ സ്ഥലങ്ങളിൽ ഇറക്കുന്നു. അത് മാത്രമല്ല, ഓപ്പോസിറ്റ് ലൂടെ വരുന്ന വണ്ടികൾക്ക് ആശംസകൾ നേരുന്നു. ഇറങ്ങി പോവുന്ന ആളുകളെ നോക്കി പുഞ്ചിരിക്കുന്നു... പോരാത്തതിന് ചുരം കയറുമ്പോൾ രാജാവ് ഒരു വേട്ട യെ മനസ്സിൽ കാണുന്ന പോലെ സൂക്ഷ്‌മമായി വണ്ടി കൈകാര്യം ചെയ്യുന്നു... ഓരോ റൈസും അത്ര ഭംഗിയായി കൈകാര്യം ചെയ്യുന്നു.
പക്ഷെ
ഇവിടെ ഞാൻ ഒരു കാര്യം കൂടെ കണ്ടു.(മുൻപ് എന്റെ നീരിക്ഷണത്തിൽ തെളിഞ്ഞത് )എന്റെ രാജാവ് ക്ഷീണിതന് ആണ്. മാത്രമല്ല, വണ്ടിയിൽ പുറത്ത് ഇറങ്ങുമ്പോൾ തുടർച്ചയായി 2.30 മണിക്കൂർ വണ്ടി യോടിച്ച ഒരു മനുഷ്യന് വരുന്ന ശാരീരിക അസ്വസ്ഥതകൾ അയാളെയും പിന്തുടർന്ന്... ബാഗും തൂക്കി കണ്ടക്ടർ നോട് യാത്ര പറഞ്ഞു അയാൾ അകലേക്ക് മായുമ്പോൾ രാത്രി മുഴുവൻ കാലുവേദനയും ഊരവേദനയും കൊണ്ട് കിടക്കാൻ പോലും പറ്റില്ലെന്ന് അയാൾ സുഹൃത്തിനോട് പറയുന്നത് ഞാൻ കേട്ടിരുന്നു...
മോൾടെ ആഗ്രഹം നല്ലത് തന്നെ... പക്ഷെ ചിലരുടെ ജീവിതം ചില ആഗ്രഹങ്ങളിൽ നിന്നും നമ്മെ പിന്തിരിപിക്കാം.. എന്നാലും അങ്ങനെ അല്ലാലോ... പെൺകുട്ടികളും കെ. എസ്. ആർ. ടി. സി ഡ്രൈവിംഗ് സീറ്റിൽ വരണം.. അതൊരു അനിവാര്യതയായ കാലത്താണ് നമ്മൾ ജീവിക്കുന്നത്...
അങ്ങനെയൊരു കാലം വിദൂരമല്ല.
സുബിൻ. കെ.