ആനയുടെ വായിലേക്കോ?
സാറേ... ഇവിടെ മുതലാണ് സൈലന്റ് വാലിയുടെ ഭാഗം തുടങ്ങുന്നത്...
അങ്ങ് സൈഡ് നോക്കി ഭവാനി പുഴയുടെ തീരങ്ങളും നദിയുടെ അപരദനവേരുകളെ നോക്കി അത്ഭുതപ്പെട്ടു വണ്ടിയിൽ ഇരിക്കുകയായിരുന്ന ഞാൻ സിബിച്ചന്റെ വാക്കുകളിലേക്ക് ശ്രെദ്ധ കേന്ദ്രികരിച്ചു..
ഈ യാത്ര ഞാൻ ചോദിച്ചു വാങ്ങിയതാണ്.. ഒരു മടുപ്പായിരുന്നു രാവിലെ മുതൽ... ഹോസ്റ്റലിൽ നിന്നും കഴിച്ച ദോശയും ചായയും ഉള്ളിൽ നിന്നും പുറത്തേക്ക് ഏതുനേരവും വരുമെന്ന ഒരവസ്ഥയിൽ എത്തിപ്പെട്ടിരിക്കുന്ന സമയത്താണ് ഹെഡ് മാഷ് (HM) വന്ന് ആരെങ്കിലും എന്റെ കൂടെ GTWLP സ്കൂൾ ആനവായിലേക്ക് വരുന്നുണ്ടോ എന്ന് ചോദിച്ചത്... അജേഷ് ഏട്ടൻറെ മുഖത്തേക്ക് ഒന്ന് നോക്കി ഞാൻ.. പക്ഷെ ഏട്ടൻ വരാൻ സാധ്യത കുറവാണെന്ന് മനസിലാക്കി. സമയം ഒരു 9. 45 ഒക്കെ ആണ്... പുതിയ കാഴ്ചകളും സംഭാഷണങ്ങളും ഇല്ലാതെ വിറങ്ങലിച്ചു ചില പേപ്പറുകൾക്ക് ഇടയിൽ പ്പെട്ടു ഞെരുങ്ങിയ എന്നെ പഴയപോലെ ആക്കാൻ വേണ്ടി തന്നെയാണ് മനസ്സിൽ പോവണം എന്ന് തീരുമാനിച്ചത്...
സ്കൂൾ ഗ്രൂപ്പിൽ വന്ന സന്ദേശം വായിച്ചു..അഞ്ചാം ക്ലാസ്സിന് ഇന്ന് പഠിപ്പില്ല... പിന്നെ എന്താ... രാവിലെയുള്ള 3 പീരിയഡ് മറ്റു അധ്യാപകർക്ക് കൊടുത്താൽ ചിലപ്പോൾ എനിക്ക് പോവാൻ പറ്റും...
കൃത്യ സമയത്ത് സയൻസ് ടീച്ചർ 6 എനിക്ക് തരുമോ ചോദിച്ചത്. എന്റെ മുഖം നമ്മുക്ക്, അതിരാവിലെ സൂര്യന്റെ പ്രകാശം കിട്ടികഴിഞ്ഞതിന് ശേഷം ഉണ്ടാവുന്ന ഒരു ഉഷാർ ഇല്ലേ... അതുപോലെ തിളങ്ങി.. 9 നെ എന്ത് ചെയ്യും... ആലോചിച്ചു നടക്കുമ്പോ ബയോളജി ടീച്ചർ ഒരുക്കുന്ന പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം ആണെന്നും അതിൽ കുട്ടികളെ പങ്കെടുപ്പിക്കണം എന്നും പറഞ്ഞത്.
എന്റെ ആദ്യ പീരിയഡ് കുട്ടികൾക്ക് ഒരു ഗ്രൂപ്പ് പ്രവർത്തനം നൽകിയതിന് ശേഷം HM ഉം ആയി ആനവായിലേക്ക് സിബിച്ചന്റെ കൂടെ യാത്രയായി.
തടിക്കുണ്ട് ഫോറെസ്റ് ഡിവിഷനിൽ പേരും നമ്പറും മറ്റു വിവരങ്ങളും ആവശ്യവുമൊക്കെ എഴുതി ചേർത്ത് കാടിന്റെ വന്യതയിലേക്ക് പ്രവേശിച്ചു...
കട്ട പതിപ്പിച്ച റോഡ് അങ്ങ് ആനവായി വരെ നീളുന്നുണ്ട് എന്ന് സിബിച്ചൻ പറയുമ്പോ എനിക്ക് അതൊരു പുതിയ അനുഭവം അല്ലായിരുന്നു.. ഒരുവട്ടം മുരുഗളയിലേക്ക് ഇതേ വഴിയാണ് ഞങ്ങൾ പോയത്. മാത്രവുമല്ല ഇതേ വഴി താണ്ടി ആനവായ് ഊരിൽ ഊര് സന്ദർശനത്തിന് പോയത് ഇന്നലെ കഴിഞ്ഞ പോലെ ഞാൻ ഓർക്കുന്നുണ്ട്...
വഴിനീളെ വൈദ്യുതവേലികൾ... കാടിന്റെ നടുവിൽ അകപ്പെട്ടാൽ എന്ത്ചെയ്യുമെന്നും ആനയുടെ വായിലേക്ക് സ്വയം കേറി കൊടുക്കുമോ എന്നും തുടങ്ങി ഒട്ടനവധി ഭീതിയിലും ആശങ്കയിലുമാണ് HM ഇരിക്കുന്നത് എന്നെനിക്ക് മനസിലായി.. സാറിനോട് ഒത്തിരി കാര്യങ്ങൾ സിബിച്ചൻ സംസാരിക്കുന്നുണ്ടായിരുന്നു... അതിൽ പ്രധാനമായും കുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ തനത് സംസ്കാരത്തിന്റെ പ്രതിധ്വനിയെയുമെല്ലാം സംബന്ധിച്ച കാര്യങ്ങൾ ആയിരുന്നു.. കാടിനോടും മരങ്ങളോടും അവരുടെ ചുറ്റുപാടുകളോടും ഈ കുട്ടികൾക്ക് ഉള്ള അതിയായ ബന്ധവും ഒപ്പം അവരുടെ ആവാസവ്യവസ്ഥക്കുള്ളിൽ അവർ അനുഭവിക്കുന്ന ആസ്വാദനത്തിന്റെ മുകുളങ്ങളും അതിലുപരി അവർക്കിടയിൽ സമാധാനത്തെയെല്ലാം ഞങ്ങൾ ചർച്ചവിഷയം ആക്കുന്ന സമയത്താണ് ഒരു സിംഹവാലൻ കുരങ്ങ് മരത്തിൽ തൂങ്ങി ഇരിക്കുന്നത് കണ്ടത്.. ഞാൻ വീഡിയോ എടുക്കാൻ ശ്രെമിച്ചെങ്കിലും വണ്ടി നല്ല സ്പീഡിൽ ആയതിനാൽ അത് സാധിച്ചില്ല.
ഞങ്ങളെ വരവേൽക്കാൻ എന്ന വണ്ണം വഴിയിലെ മരങ്ങൾ പൂത്തുനിൽക്കുന്നുണ്ടായിരുന്നു. ചുവന്ന പൂക്കളും വഴിയോരങ്ങൾ മഞ്ഞ വർണം തൂകിയ പുഷ്പങ്ങൾ വിരിഞ്ഞതും എന്റെ ആസ്വാദനം വർധിപ്പിക്കുന്നതിന് ഇടയാക്കി..
ഞാൻ മെല്ലെ മെല്ലെ എന്റെ ലോകത്തേക്ക് മടങ്ങി. സാമൂഹ്യശാസ്ത്രത്തിൽ ഞാൻ പഠിപ്പിച്ച നദിയുടെ അപരദനവും വെള്ളച്ചാട്ടത്തിന്റെ ഘട്ടങ്ങളും എല്ലാം ഞാൻ കണ്ടപ്പോൾ ഒരു വലിയ കുറ്റബോധം എനിക്കുണ്ടായി... എന്റെ കുട്ടികളെ കൊണ്ട് ഇവിടെയെല്ലാം വന്ന് നദിയുടെ അപരദനത്തിന്റെ നിക്ഷേപണത്തിന്റെ ഭാഗങ്ങൾ എനിക്ക് പഠിപ്പിക്കാൻ പറ്റുന്നില്ലല്ലോ എന്നതിന്റെ ഒരു വല്ല ഈശൽ...
വണ്ടി ഇറക്കങ്ങളും കയറ്റങ്ങളും കയറി ഉറങ്ങുന്നുണ്ട്. വഴിയിൽ കൈകുഞ്ഞുമായി ഒരു അമ്മയും അവരുടെ മുത്തശ്ശിയും ഇരിക്കുന്നു. സിബിച്ചൻ വണ്ടി നിർത്തി അവരോട് ചോദിച്ചു.
നിങ്ങൾ എങ്ങോട്ടാ...
.
കിണറ്റുകര... വരുന്നോ...
എവിടേം വരെ...
ആനവായ സ്കൂൾ ഇല്ലേ.. അങ്കെ... വരെ..
ഇല്ലേയ്യ്.. ജീപ്പ് വരുമെ...
കാടിന്റെ നടുവിൽ ജീപ്പ് കാത്തു നിൽക്കുന്ന ഒരു അമ്മ... അവരുടെ അമ്മയും.. ആനവായ് വരെ ഞങ്ങടെ കൂടെ വന്നാൽ അവർ ആ കുട്ടിയേയും എടുത്ത് വീണ്ടും 5 കിലോ മീറ്റർ നടക്കണം.. അവർ ഞങ്ങളുടെ ഓഫർ നിരസിച്ചതിന്റെ കാരണം ഞാൻ മനസിലാക്കി.. സിബിച്ചൻ തുടർന്നു... ചിലപ്പോൾ ആ ഇരുത്തം മണിക്കൂറുകൾ നീളും... ചിലപ്പോൾ ഒരു ദിവസം വരെ... ജീപ്പ് കിട്ടുന്നത് വരെ.... അവർ കാത്തുനിൽക്കും..
ക്ഷമ എന്താണ് എന്നൊക്കെ ഇവരിൽ നിന്നും നമ്മൾ പഠിക്കണം. Whastapp ഇൽ ഒരു സന്ദേശം അയക്കുമ്പോൾ പെട്ടന്ന് റിപ്ലൈ നല്കാത്തതിന്റെ പേരിൽ മുഖം ചുളിക്കുന്ന ആളുകൾ ഉള്ള സമൂഹത്തോട് ഞാൻ ഇവരിൽ നിന്നെല്ലാം പാഠങ്ങൾ ഉൾകൊള്ളാൻ പറയും... ക്ഷമനശിച്ച മൂല്യങ്ങൾ അധ:പതിക്കുന്നൊരു ഒരു സമൂഹം നമ്മുക്ക് ഒപ്പം നടന്നു വരുന്നുണ്ട്..
വണ്ടി ആനവായ് ഊരിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു. ഫോണിൽ സമയം നോക്കി.. റേഞ്ച് ഇല്ല.. മെല്ലെ മെല്ലെ ഞങ്ങൾ ആനവായ് സ്കൂളിലേക്ക് ഉള്ള വഴിയിൽ എത്തി.. സിബിച്ചൻ വണ്ടി നിർത്തി. ഞാനും HM ഉം സിബിച്ചനും സ്കൂളിൽ കേറി.. ക്ലാസ്സ് മുറികളിൽ പഠനം നടക്കുന്നുണ്ട്... കുട്ടികൾ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ഏർപെടുന്നു... ഒരു ടീച്ചർ വന്ന് ഞങ്ങളോട് എന്താണ് കാര്യമെന്ന് ചോദിച്ചു. അവിടെയുള്ള പാലക്കാട് സ്വദേശിയായ ഒരു അദ്ധ്യാപകൻ വന്നു.. ആവശ്യമുള്ള രേഖകൾ, വിവരങ്ങൾ എന്നിവ സ്കൂളിൽ നിന്നും എടുത്തു...
ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കാൻ അവിടെ സൗകര്യം ഉണ്ടോ എന്ന് ചോദിച്ചു.. പ്രിൻറർ കേടാണ് എന്ന് പറഞ്ഞു.. മൊബൈൽ ന് റേഞ്ച് ഇല്ല.. എത്തിപ്പെടാൻ വാഹനസൗകര്യം ഇല്ല. അങ്ങനെയുള്ള ഒരിടം.. പ്രിന്റ്റോ കമ്പ്യൂട്ടറുകളോ വർക്ക് ചെയ്യില്ല. നെറ്റ് ഇല്ല.. ഇന്ത്യ ഡിജിറ്റൽ ആയി മാറി കൊണ്ടിരിക്കുന്ന ഇടങ്ങളിൽ ആണ് ഇതെല്ലാം എന്ന് നമ്മൾ ഓർക്കണം... ഓർത്തെ മതിയാവു... ആ മാഷിന്റെ സംസാരത്തിൽ നിന്ന് ഒരു മനുഷ്യജീവിയെ കാണുമ്പോൾ അവരോട് സംസാരിക്കാൻ വ്യഗ്രത പ്പെടുന്ന ഒരാളുടെ ആത്മസ്പർശം എനിക്ക് കിട്ടി..
കുട്ടികളോട് കുറച്ച് നേരം സംസാരിച്ചു.. അവരോട് സംസാരിക്കുന്നതിടയിൽ എന്റെ പേരുള്ള ഒരു കുട്ടിയെ ഞാൻ പരിചയപ്പെട്ടു..
നിന്റെ പേര് എന്താണ് എന്ന് ഒരു പെൺകുട്ടി എന്നോട് ചോദിച്ചു.. അവരുടെ ഭാഷയിൽ നിന്റെ എന്ന പദം ബഹുമാനം കൊണ്ടാണ് എന്ന് അവരുടെ മെൻറ്റർ ടീച്ചർ പറഞ്ഞു തന്നു.
വന്ന ആവശ്യം കഴിഞ്ഞ് ഞങ്ങൾ മെല്ലെ തിരിച്ചു ഇറങ്ങി... പോവുന്ന വഴിയിൽ കൂടെ 3 അതിഥികൾ കൂടെ കിട്ടി.. തടിക്കുണ്ട് ഊരിലെ ഒരു അമൂമ്മ യും രണ്ട് കുട്ടികളും.. അവർ തൊഴിലുറപ്പ് പണിയുടെ പൈസ ബാങ്കിൽ നിന്നും പിൻവലിക്കാൻ പോവുകയാണ്... അവരോട് ഒത്തിരി നേരം സംസാരിച്ചു..
ഒരുകാര്യം ഓർക്കണം... ഒരു ആശുപത്രിയിൽ പോവാൻ മണിക്കൂറുകൾ നീണ്ട നടത്തം വേണം... സ്കൂളിൽ പോവാൻ. അങ്ങനെ എന്തിന്, വീട്ടിലേക്ക് സാധനം വാങ്ങാൻ പോലും... ഒത്തിരി ദൂരം നടക്കണം.
ഇവരിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്... വികസനം എത്തിയില്ലെന്നല്ല... സുസ്ഥിരവികസനത്തിന്റെ ആശയങ്ങൾ പ്രവർത്തിയിൽ വരുത്താൻ പെടാ പാട്പ്പെടുന്ന ഒരു അധികാരവർഗ്ഗത്തിന്റെ നെടുവീർപ്പുകളും, തദ്ദേശീയത ഉൾചെർത്തു പിടിക്കാൻ ഒരു സമൂഹം പൊരുതുന്ന നാൾവഴികളും നമ്മളെ എന്തെന്നില്ലാത്ത രീതിയിൽ പിന്തുടർന്ന് കൊണ്ടേയിരിക്കുന്നു...