ഞാൻ ഇടപ്പെട്ടു.. ഈ സർ വിളി വേണോ? പിന്നെ...
നീ ഒരു കാര്യം ചെയ്യ്, എന്റെ പേര് വിളിക്ക്..
വളരെ അപ്രതീക്ഷിതമായിട്ടാണ് അന്ന് ഞാൻ ആദർശിനെ(പേര് മാറ്റിയിട്ടുണ്ട് ) കാണുന്നത്..മണ്ണാർക്കാട് നിന്ന് കൂട്ടിലക്കടവ് ബസ് യാത്രക്കിടയിൽ ബസിലെ ഉന്തിനും തള്ളിനും ഇടയിൽ ഒരു സീറ്റ് കണ്ട സന്തോഷത്തിൽ അങ്ങോട്ട് വെച്ച് പിടിക്കുകയായിരുന്നു. അവിടം ഇരിപ്പിനിടയിയിലെ ആസ്വാദനത്തിന്റെ വെട്ടങ്ങൾ ആ പൊരിവെയിലിനിടയിലും അറിഞ്ഞവസ്ഥയിൽ എന്തെന്നില്ലാത്ത നിലയിൽ പുറത്തേക്ക് നോക്കുമ്പോഴാണ് തോട്ടടുത്ത് ആദർശ് ഇരിക്കുന്നത് ശ്രദ്ധയിൽ പ്പെട്ടത്.
ബി. എഡ് ന് പഠിച്ചിരുന്ന സമയത്ത് ഞാൻ എക്സലന്റ് എന്നൊരു ട്യൂഷൻ സെന്ററിൽ ക്ലാസ്സ് എടുത്തിരുന്നു. അന്ന് അവിടെ പ്ലസ് ടു വിന് ട്യൂഷൻ വന്നിരുന്ന കുട്ടിയാണ് ആദർശ്.
ചുരുക്കത്തിൽ പറഞ്ഞാൽ, എന്റെ ക്ലാസ്സിലെ പെൺകുട്ടികൾ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ആദർശിനെ നോക്കുന്നതും അവനോട് സംസാരിക്കാൻ വെമ്പൽ കൊള്ളുന്നതും ഒക്കെ മൂന്നോ നാലോ പേർ മാത്രമുള്ള ഞങ്ങളുടെ സ്റ്റാഫ് റൂം സംസാരങ്ങളായി മാറികഴിഞ്ഞിരുന്നു. സന്തോഷം മുഖത്തു ഇല്ലാത്ത ഒരു പയ്യനാണ് അവൻ എന്നും ഒത്തിരി കഴിവുകൾ ഉണ്ടായിട്ടും അവസരങ്ങൾക്ക് പിന്നാലെ പോവാത്ത ഒരു കുട്ടിയാണ് അവനെന്നുമൊക്കെ എനിക്കറിയാം. മെല്ലെ മെല്ലെ ആ പ്ലസ് ടു ക്കാരൻ അവിടെയുള്ളവരുടെ എല്ലാം പ്രിയപെട്ടവനായി മാറിയിരുന്നു. കൂടെ എന്റെയും.
ട്യൂഷൻ കഴിഞ്ഞു തിരിച്ചു പോരുമ്പോൾ കാക്കുവിന്റെ കടയിൽ നിന്ന് നാരങ്ങാ വെള്ളവും പപ്പ്സും വാങ്ങി ഞങ്ങൾ രണ്ടുപേരും കഴിക്കുകയൊക്കെ ചെയ്തിരുന്നു. തൊണ്ട പൊട്ടി ക്ലാസ്സ് എടുത്തു ക്ഷീണിച്ചു സർ എന്നൊക്കെ പറഞ്ഞു എന്നെ ബൂസ്റ്റ് ചെയ്ത് ഭക്ഷണം കഴിപ്പിക്കാൻ അവൻ കാണിക്കുന്ന ഒർജിനൽ വാശിയുണ്ട്... അത് കാണുമ്പോഴേ എന്റെ വയർ നിറയും. അത് കാണാൻ വേണ്ടി ഞാൻ കാകുവിന്റെ കടയിൽ അവനെ കൂട്ടി പോവുന്നത് ഒരു പതിവ് ആക്കി മാറ്റിയിരുന്നു.
വെറും നാലോ അഞ്ചോ മാസമാണ് ഞാൻ അവിടെ ക്ലാസ്സ് എടുത്തുള്ളൂ. അതിനുശേഷം ആദർശിനെ ഞാൻ കണ്ടിട്ടേഇല്ല. ആ കൊല്ലത്തെ പ്ലസ് ടു റിസൾട്ട് വന്നപ്പോൾ അവന് തരക്കേടില്ലാത്ത മാർക്ക് കിട്ടി കാണുമെന്നു എനിക്കറിയാമായിരുന്നു. അവനെ ഓർത്തെങ്കിലും മാർക്ക് അന്വേഷിക്കാൻ അവന്റെ നമ്പർ ഒന്നും കയ്യിൽ ഉണ്ടായിരുന്നില്ല.
അതിന് ശേഷം ദേ... ഇന്നാണ് ചെക്കനെ കാണുന്നത്. 4 കൊല്ലത്തിനു ശേഷം. ബസ് മുന്നോട്ട് നീങ്ങി കൊണ്ടേയിരിക്കുന്നു. സാറേ.. സർ എങ്ങോട്ടാ..
ഡാ.. വീട്ടിൽ ഇരുന്ന് ബോർ അടിച്ചപ്പോ പുറത്ത് ഇറങ്ങി. ബസ് കണ്ടു കേറി.
സർ ടെ ലുക്ക് ഒക്കെ ഫുള്ള് മാറി.. ഇതെന്താ ഷോർട്സ് ഒക്കെ ഇട്ടിട്ട്.
അല്ല പിന്നെ നടക്കാൻ ഇറങ്ങിയ ഞാൻ... ബസ് കണ്ടപ്പോ ബസിൽ കേറി... അപ്പോ ജീൻസ് ഒക്കെ ഇടുമോ...
നീ ഇപ്പോ എന്തിനാ പടിക്കണേ...
എന്റെ ഡിഗ്രി കഴിഞ്ഞു.
കോയമ്പത്തൂരിലെ ഒരു കോളേജിൽ ആയിരുന്നു. ഓൺലൈൻ ക്ലാസ്സ് ആയിരുന്നു സെക്കന്റ് ഇയർഉം തേർഡ് ഇയർ ഉം.
അതോടെ ലൈഫ് ഫുള്ള് മാറി. അച്ഛൻ മരിച്ചു. പണിക്ക് ഇറങ്ങേണ്ടി വന്നു.
ഞാൻ ഒന്നും മിണ്ടിയില്ല. ഒത്തിരി പ്രേശ്നങ്ങൾക്ക് നടുവിലാണ് ചെക്കൻ എന്ന് മനസിലായി.
അവന്റെ സ്റ്റോപ്പ് എത്തുന്നു.
സർ ഇവിടെ ഇറങ്ങുന്നോ? ഞാൻ ഇല്ല പറഞ്ഞു. എന്നാ ഞാനും സർ ടെ കൂടെ വരാ... പോക്കറ്റിൽ നിന്ന് പൈസ എടുത്തു അവന്റെ പൈസ കൂടെ കൊടുത്തു. ബസ് നിർത്തുന്നത് എവിടെയാണോ അവിടം വരെ. പണിക്ക് പോയി ക്ഷീണിച്ചു വരുമ്പോ അമ്മ ചോർ ഇണ്ടാക്കി വച്ചു കാണും. അത് കഴിക്കും.. ക്ഷീണം കൊണ്ട് കിടന്നു ഉറങ്ങും.
ഈ ഡയലോഗ് ഞാൻ എവിടെയോ... ഡാ ചെക്കാ ഇജ്ജ് ജൂൺ സിനിമയിലെ ഡയലോഗ് പറയുക യാണോ?
എന്നെ നോക്കി അവൻ ചിരിച്ചു.
കിട്ടിയ പണിക്ക് ഒക്കെ പോവും... പൈസ ഉണ്ടാക്കണം.. വീട് വെക്കണം..
ഇതൊക്കെ പറയുമ്പോ അവന്റെ കണ്ണിൽ ഒരു തീ ഉണ്ടായിരുന്നു..
പണ്ട് ചിരിച്ചു കളിച്ചു എന്റെ കൂടെ വന്ന് പപ്പ്സ് കഴിച്ചിരുന്ന ആദർശ് ആയിരുന്നില്ല അത്.
ജീവിതം പഠിപ്പിച്ച നിസ്സംഗതകളിൽ നിന്നും ജീവിക്കാൻ പഠിച്ച ഒരാളുടെ ഉശിര് അവനിൽ ഞാൻ കണ്ടു.
പുറത്തുള്ള കാഴ്ചകളും ആളുകളും സംസാരത്തിൽ വന്നു. പഴയ പല ഓർമ്മകൾ മാറ്റിനിർത്താൻ പറ്റാത്ത വിധം കൂട്ടിചേർത്തു. അവന്റെ വിശേഷങ്ങൾ മനസ്സ് നിറയെ കേട്ടു.
ബസ് കൂട്ടിലക്കടവ് എത്തുന്നു. അവിടെ നിന്ന് വലത് വശത്തേക്ക് തിരിയുമ്പോൾ ഒരു പാലമുണ്ട്. രണ്ട് ദേശങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന ഒരു പാലം. അതിനടുത്തുള്ള ചായക്കടയിൽ നിന്ന് 2 ചായ പേപ്പർ ഗ്ലാസിൽ വാങ്ങി. ഒരു പരിപ്പ് വടയും..
ഞങ്ങൾ അതും പിടിച്ചു മുന്നിലേക്ക് നടന്നു.. പാലത്തിന്റെ നടുക്ക് നിന്ന് ആ സായാഹ്നത്തിൽ പരിപ്പ് വട രണ്ടായി പങ്കുവെച്ച് ചായ മോന്തി.. കുറച്ചു നേരം ആ ചായയുടെ തണലിൽ ഞാൻ അവനെ നോക്കി.. അവന്റെ ചുണ്ടുകളിൽ ചായയുടെ പത നിക്കുമ്പോൾ ഒരു കാര്യം ഓർമ വന്നു. പണ്ടും അവൻ അങ്ങനെയായിരുന്നു. ചായയുടെ പത ചുണ്ടിൽ വെച്ച് ചായ മോന്തുന്ന ആദർശിനെ കണ്ടപ്പോൾ എനിക്ക് ശെരിക്കും സന്തോഷം തോന്നി. അവൻ ജീവിക്കുന്നുണ്ട് അവനു വേണ്ടി. ജീവിതം പ്രാരാബ്ദം കൊണ്ടുപോവുമ്പോൾ നമ്മളെല്ലാം മറക്കുന്നൊരു പ്രതിഭാസമാണ് ജീവിക്കാൻ.. എന്നിട്ട് അവസാനം അതും പറഞ്ഞു വിഷമിച്ചു നടക്കുന്ന ഒരു അപൂർവത എല്ലാവരിലും ഉണ്ട്.. ഈ എന്നിലും.. ചെറിയ നിമിഷങ്ങൾ ആവാം. അവ നമ്മളുടേത് ആക്കാൻ നോക്കുക.
അവനൊരു ആഗ്രഹം പറഞ്ഞു. ഒരു പി. ജി ചെയ്യണം എന്ന്. ഡിസ്റ്റൻസ് ആയി പഠിക്കാൻ പറഞ്ഞു ഞാൻ. പഠിക്കാൻ അത്ര മിടുക്കുള്ള കുട്ടിയൊന്നും അല്ല ഞാൻ.പഠിക്കാൻ അത്ര മിടുക്കൊന്നും കാണിക്കാത്ത കുട്ടിയായിരുന്നു സാറേ ഞാനും... പക്ഷെ ഇന്ന് എനിക്ക് പഠിക്കാൻ തോന്നുന്നുണ്ട്. ഡിസ്റ്റൻസ് ആയി പഠിക്കാൻ ഉള്ള മാർഗങ്ങൾ പറഞ്ഞു കൊടുത്ത്... സമയം വൈകുന്നു. അവിടെന്ന് ലാസ്റ്റ് ബസ് പുറപ്പെടാൻ സമയം ആവുന്നു... ബസ് കേറി തിരികെ പൊന്നു.. തിരികെ പോരുമ്പോൾ ഞാൻ അവന്റെ നമ്പർ ചോദിച്ചു. അവൻ എന്നോട് എന്റെ മെയിൽ. ഐഡി ചോദിച്ചു.
ഞാൻ കൊടുത്തു. അവൻ നമ്പർ തന്ന്.. പക്ഷെ ഞാൻ സേവ് ആക്കിയില്ല. അവന്റെ വീട് എവിടെയാ ന്ന് ഇനിക്ക് കാണിച്ചു തന്ന്.. അത് മതി...
എന്റെയെന്ന് തോന്നുന്ന ചില കുട്ടികൾ ഉണ്ടാവില്ലേ... അങ്ങനെയൊരാളെ കണ്ട് മുട്ടിയ, കണ്ട് കിട്ടിയ അവസ്ഥയിൽ ആ ബസിൽ ഞാൻ എന്റെ ജീവിതം പഠിക്കുകയായിരുന്നു... ഇറങ്ങി പോവാൻ ആ ബസ് പറയുന്നത് വരെ....
NB: LIFE ആണ് പല സാഹചര്യവും വന്നേക്കാം.. പക്ഷെ ജീവിക്കുക നമ്മുക്ക് പറ്റുന്നത് പോലെ.. എന്റെ ചെറിയ യാത്രകൾ മനുഷ്യരിലേക്ക് തുടരും.