ഇറ്റിറ്റു വീഴുന്ന ഓട്ടിൻ വക്കിലെ വസന്തം




ഇറ്റിറ്റു വീഴുന്ന ഓട്ടിൻ വക്കിലെ വസന്തം.

സുബിൻ .കെ


കുറെ നാളുകൾക്ക് ശേഷമാകും... കണ്ണുകൾ നിറച്ച് ഞാനൊരു മഴ കാണുന്നത്.....കുത്തി നോവിക്കുന്ന വേദനയോടെ ചെറുതെങ്കിലും....അല്ല ഒരു വലിയൊരു മഴ ഞാൻ കണ്ടു.....മടുത്തു തുടങ്ങിയ ഓൺലൈൻ ക്ലാസ്സുകളെ തലോടുന്ന വിദ്യാർത്ഥിയുടെ വേഷം ഒരിടത്തു അണിയുമ്പോൾ...ഊർജ്ജം നൽകുന്ന ശബ്ദപ്രസരിപ്പായി മറ്റൊരു വശത്ത്, ഏറെയില്ലെങ്കിലും വിരലിൽ എണ്ണാവുന്ന കുട്ടികളുമായി മല്ലടിക്കുന്ന ഈ ഞാൻ, തിരക്കുകൾക്ക് എല്ലാം താത്കാലിക വിരമാമിട്ട സമയം...രാത്രി ഒരു 8.30 ഓടെ അതിശക്തമായ ഒരു മഴ പെയ്തു.... കാറ്റിൽ ഞാൻ തന്നെ പറന്നുപോവുമോ എന്ന ഭയം എന്നെ വല്ലാതെ പിന്തുടരുന്നുണ്ടായിരുന്നു... കണ്ണുകൾ മെല്ലെയൊന്ന് മുകളിലേക്ക് ഉയർന്നു....ചിതൽകൊണ്ടുപോയ ഉത്തരം എങ്ങാനും വീണു പോവുമോ? ഇല്ലെന്ന് മനസിന് ഒരു ബലം കൊടുത്തു.....കാറ്റ് ശക്തിയാവാൻ തുടങ്ങി... മൊബൈൽ ഓഫ് ആയത് കൊണ്ട് മഴയെ ...കണ്ണുകൾ കൊണ്ടും കാതുകൾകൊണ്ടും പച്ചയായ ശരീരം കൊണ്ടും ഞാൻ അനുഭവിക്കുകയായിരുന്നു...
ഒന്നിന് പുറകെ ഒന്നായി വരുന്ന എന്റെ വേവലാതികൾ ഞാനവിടെ മറന്നു....ഞാൻ എന്നെ തന്നെ മറന്നു...മഴ നനഞ്ഞു ചിറക് ഒട്ടി ബുഷിന്റെ താഴെ വെച്ച കൂടിൽ പൂത്താൻകിരികൾ അടി കൂടുന്നത് കാണുന്ന ഞാൻ ഓർത്തു.... ഇവർ ഈ മഴ കാണുന്നില്ലേ... എന്ന്... ചിലപ്പോൾ പരസ്പരം വഴക്കുകൂടുന്നതിന്റെ ഇടയിൽ അവർ മഴ ആസ്വദിക്കാൻ മറന്നു കാണും...ഞാൻ ഒരുമിനിഷം ഓർത്തു, ഏതാണ്ട് മനുഷ്യരും ഇങ്ങനെ അല്ലെ.... ചെറിയ പിണക്കങ്ങൾ മനസ്സിലിട്ടു വലുതാക്കി വലുതാക്കി പുറത്തു നടക്കുന്ന എല്ലാത്തിനോടും ഒരു വിരുദ്ധത സ്വീകരിക്കുന്ന സമൂഹമല്ലേ നമ്മുക്ക് ചുറ്റും?....ഒരു ചെറു പുഞ്ചിരിയോടെ വീണ്ടും ഞാൻ മഴയെ നോക്കി... എന്റെ കാലുകൾ വിറക്കുന്നുണ്ട്... ഈർപ്പം വീണ് കുതിർന്ന എന്റെ കാലുകൾ..... എന്റെ വസ്ത്രം മുഴുവൻ ചെറിയ മഴത്തുള്ളികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു... എന്റെ രോമങ്ങൾ എന്നെ തലോടുന്ന പോലെ...മഴ എന്നെ ഇഷ്ടപ്പെടുന്നത് ഞാനറിഞ്ഞു തുടങ്ങി..... മഴത്തുള്ളികൾ വീഴുമ്പോൾ പണ്ടെനിക്ക് സ്കൂളിൽ നിന്നും കിട്ടി ഞാൻ കുഴിച്ചിട്ട കുമിൾ മരം കാണിക്കുന്ന വാത്സല്യത്തിന്റെ സന്ദേശവും.... മുറ്റത്തെ കുമ്പളവള്ളിയിൽ കണ്ട സൗമ്യതയും... മത്തൻ ഇലകളിലെ അഭിമാനവും.... അരിമുളകിൽ ഞാൻ കണ്ട സമാധാനവും ...എന്തിനേറെ എന്റെ മുഖത്ത് വിടർന്ന തെളിച്ചവും ഞാൻ അടുത്തറിഞ്ഞു...ഒരു സുഖം....ജീവിതത്തോട് തോന്നുന്ന വിരസത മാറ്റിയ സുഖം ...
കൊറോണ പടർത്തിയ വിരസത മാറ്റി... പുത്തൻ ഉന്മേഷം കിട്ടിയപ്പോലെ... രാവിലെ മാതൃഭൂമിയിൽ വന്ന ആ വാർത്ത ഞാൻ ഓർത്തുപോയി... ഓൺലൈൻ മാറ്റിയ മനുഷ്യ മനസുകളുടെ ഗതിയെ പറ്റി ചിന്തിച്ചു പോയി....ഉള്ളിൽ ഹാളിൽ സഫാരി ചാനലിൽ ഹംപിയിലേക്കുള്ള യാത്ര പോവുകയാണ്...എന്റെ മനസ്സ് പണ്ട് കോളേജിൽ നിന്നും ഹംപിയിലേക്ക് പോയ യാത്ര ഓർത്തു.... കല്ലുകളോട് സംസാരിച്ചു....ശിലകളെ കണ്ട്.... വഴിവക്കിൽ കൂനികൂടി ഇരുന്ന് വയറൊട്ടി ദാരിദ്ര്യത്തിന്റെ ഗ്രാഫിൽ ഏറ്റക്കുറച്ചിൽ തീർത്ത മനുഷ്യജീവിതത്തെ നേരിട്ട് കണ്ടുള്ള ആ യാത്ര ഓർത്തുപോയി... മൈലുകളോളം നീളമുള്ള പാടത്ത് കൃഷിചെയ്തിട്ടും രക്ഷപെടാൻ പറ്റാത്ത നിസ്സഹായരായി ജീവിതം തള്ളി നീക്കുന്ന ചില കോലങ്ങളെ നേരിൽ കണ്ട യാത്ര ഓർത്തുപോയി.... ടി. വി യിൽ ഹംപിയിലെ ഓരോ സ്ഥലവും വിശദീകരിച്ചു പറയുന്നുണ്ട്.. ചുട്ടുപൊള്ളുന്ന ചൂടിൽ സൈക്കിൾ ഓടിച്ചു പോവുന്ന ആ പാവം പെണ്കുട്ടിയെ കണ്ടപ്പോൾ ഞാൻ ഓർത്തു.... അവിടെ ഇങ്ങനെയൊരു മഴ പെയ്തിരുന്നെങ്കിൽ ....ആ കല്ലുകളെ ഒന്ന് തണുപ്പിക്കാൻ പറ്റിയിരുന്നെങ്കിൽ.... അവ നൽകുന്ന ആശ്വാസത്തിന്റെ പാഠം ചെറുതൊന്നും ആവില്ല...
 ചില മനസുകളിലേക്കുള്ള ആത്മമായ തെളിഒഴിക്കൽ യജ്ഞമാവും അത്....മഴ കുറഞ്ഞു തുടങ്ങിയിരിക്കുന്നു.   മുറ്റത്തെ മുല്ലചെടിയിലെ മുല്ലകൾ ഇന്ന് നേരത്തെ മണം പടർത്താൻ തുടങ്ങിയിരിക്കുന്നു... ആ ഗന്ധം എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു... ടി. വി യിൽ ഹംപി യാത്രയും തീരാറായി... മഴ അവസാന തുള്ളിയും വാർത്തിട്ടു...
 ഞാൻ എന്റെ ഉത്തരത്തിലേക്ക് നോക്കി...ഓടിന്റെ മുകളിൽ നിന്നും ഊർന്നു വീഴുന്ന മഴയുടെ അവസാന തുള്ളിയെ കണ്ണിൽ സ്നേഹത്തിന്റെ ധ്വനിയൊളിപ്പിച്ചു നോക്കി നിന്നു ഞാൻ..
 മഴ തോർന്നതിന് ശേഷം ഓടിൽ നിന്നും തുള്ളി വീഴുന്ന  അവസാനത്തെ മഴത്തുള്ളിയുടെ താഴേക്ക് പതിക്കുന്നതിനുള്ള മടിയും... താഴെ പതിച്ച തുള്ളി തന്റെ കൂട്ടുകാർക്കൊപ്പം അലിഞ്ഞു ചേരുന്നത് കാണാനും ഒരു ഭംഗിയാണ്... മുകളിൽ പിന്തുടർന്ന് ഒരാൾ കൂടി അവർക്കൊപ്പം ചേരാൻ വേണ്ടി തക്കം പാർത്തു നിൽക്കുന്നു......മനുഷ്യരും ഇങ്ങനെയാണ്...എന്നും പുതിയ ആളുകൾ നമ്മളിലേക്ക് വന്നുകൊണ്ടിരിക്കും... പുതിയ കാര്യങ്ങൾ പഠിപ്പിക്കാൻ.  പുതിയ സന്ദേശങ്ങൾ നൽകാൻ.. ചില മഴ വരുന്ന പോലെ...ചിലത് ശാന്തമാവും... ചിലത് താളാത്മകവും സംഗീതാത്മകവും ആവും. ചിലത് പുറമെ ഭംഗിയുള്ളതും അകമേ എന്തെങ്കിലും ഒളിപ്പിക്കുന്നതും ആവും... ചിലത് ഒരു നീണ്ട കാലത്തെ സങ്കടവും സന്തോഷവും വിളിച്ചോതാനും പങ്കുവെക്കാനും വരുന്നതാവും.....ചിലത് നമ്മളെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കാൻ കൂടിയാകും... എന്നാലും... എല്ലാം ഒരു ഭംഗിയാണ്... സാഹോദര്യത്തിന്റെ സമത്വത്തിന്റെ അതിലുപരി ചില വെളിച്ചം പടർത്തുന്ന തെളിമയുള്ള സന്തോഷങ്ങൾ ആവും എല്ലാം....

ഇന്റെ H1D