ജീവിക്കുന്ന ജീവശാസ്ത്രം

ആ കോടയിലും 
നിഗൂഢതകൾ പൊഴിക്കുന്ന അഗളിയുടെ പുത്രി..

*ജീവിക്കുന്ന ജീവശാസ്ത്രം*
അനുപ്രിയ. ബി.


എഴുത്തുമായി ബന്ധപ്പെട്ട സംസാരങ്ങളിൽ ഏർപ്പെടാൻ എനിക്കുമാത്രമായൊരു ഇടമുണ്ട്... ഞാൻ എന്റെ വിഴുപ്പുകൾ പൂർണമായും ഇറക്കി വെക്കുന്ന ഒരു ചതുപ്പാണ് അത്. അങ്ങനെയൊരു ഇടത്തിൽ ഞാൻ വാതോരാതെ സംസാരിക്കാറുള്ളത് അയാളെ ക്കുറിച്ച് മാത്രമാണ്.. പരിചയപെട്ടിട്ട് ഒത്തിരി ഒന്നും ആയിട്ടില്ലെങ്കിലും അയാളിലെ നിഗൂഢതയുടെ ഭംഗിയുള്ള ഇടങ്ങൾ അന്വേഷിക്കാൻ എനിക്ക് അത്ര കണ്ട് ഇഷ്ടമായിരുന്നു...ഞങ്ങൾക്ക് മാത്രമറിയാവുന്ന സാറ്റ്ലൈറ്റ് കൾക്ക് മുൻപിൽ മഴ നനഞ്ഞും കുട പിടിച്ചും കൈകോർത്തു പിടിച്ചും ജീവിക്കുന്ന രാഷ്ട്രീയത്തിൽ മുങ്ങികുളിച്ച പത്തു മാസങ്ങളുടെ കഥകളുണ്ട് പറയാൻ... കോട മൂടിയ ആ നട്ടുച്ചയിൽ ഭൂമിയിലേക്ക് വീഴുന്ന മഴതുള്ളികളെ തലോടി ഞങ്ങളൊരു ചിത്രം പകർത്തിയിരുന്നു... അവിടം മുതൽ സാറ്റ്ലൈറ്റ് വലയങ്ങൾ ഞങ്ങൾക്കൊപ്പം വ്യാഴവട്ടം പോലെ കൂടെയുണ്ട്...   ധ്വനിയുടെ അധ്യായങ്ങൾ കൂടെ നിൽക്കുമ്പോഴും ഒരിക്കലും എഴുതി അവസാനിപ്പിക്കാൻ പറ്റാത്ത കഥകളുടെ നീണ്ട കരയാണ് താനെന്ന ബോധ്യമായിരിക്കും ഒരായിരം തവണ എന്റെ തൂലിക നിനക്ക് മുൻപിൽ മുഖം തിരിച്ചത്. കുട്ടിക്കളികളുടെ മഞ്ച,നിറയെ പൊള്ളുന്ന ജീവശാസ്ത്രമാണെന്ന് മനസിലാക്കാൻ ആ തെറ്റിപാപ്പാച്ചി ക്കൊപ്പം ഒത്തിരി സഞ്ചരിക്കേണ്ടിവന്നു. അതുകൊണ്ട് തന്നെയാവും കളിതമാശകൾക്കിടയിലും മാസത്തിൽ ഒരുവട്ടമെന്നോ ദിവസത്തിൽ മൂന്നുവട്ടമെന്ന തോതിലോ നമ്മൾ തെറ്റിയിരുന്നത്.. അനുപ്രിയയെ ഞാനെന്റെ ജീവശാസ്ത്രവുമായി കൂട്ടിയോജിപ്പിരുന്നു എന്ന് പറയുമ്പോൾ പിന്നെന്തിനാ നീ മിണ്ടാതെ നടന്നത് എന്നൊരു ചോദ്യം എനിക്ക് നേരെ വിരൽ ചൂണ്ടുന്നുണ്ടാവും. ലളിതമായ ഒരു ഉത്തരം ഞാൻ അവക്ക് നേരെ കോർത്തുവിടും.  അത്തരം  ജീവശാസ്ത്ര ശാഖയിൽ നിന്നും ഉയർന്നു പൊങ്ങുന്ന നിശ്വാസത്തോട് മാത്രമേ ഞാനെന്റെ പപ്പ്സിനെ തുറന്ന് കാണിച്ചിട്ടുള്ളൂ... ഒരിക്കൽ തെറ്റിയാൽ പിന്നീടൊരു മടക്കം തെറ്റിയവരിലേക്ക് ഒരിക്കലും യാത്രചെയ്യാത്ത  എന്റെ സ്വഭാവം ആ മിഴികളിലെ എന്തിനെന്ന് തോന്നിപ്പിക്കുന്ന,നോട്ടത്തിന് പുറകെ അറിയാതെ സഞ്ചരിച്ചിട്ടുണ്ട്... എം. ആർ. എസ് സ്റ്റാഫ്‌ മുറിയിൽ ആരും കാണാത്തൊരു കോണിൽ പണികളുമായി മല്ലിടുന്ന എന്നെ നോക്കി അവളുടെയൊരു നോട്ടമുണ്ട്... ഒരുപക്ഷെ എം. ആർ. എസിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിട്ടുള്ളത് ആ ഒരു നോട്ടമാണ്..എന്റെ സാറേ... എന്നൊക്കെ വിളിക്കാൻ തോന്നിയിട്ടുണ്ട്..ഒരു കവിത പോലെ, കഥകൾ പോലെ, ലേഖനങ്ങൾ പോലെ,വൈരുധ്യങ്ങളും പ്രചോദനങ്ങളും മൗനമായി മറ്റു പല ആശയങ്ങളും പടർത്തി വിടുന്നൊരു ഭംഗിയുള്ള ആ നോട്ടങ്ങൾ എന്നെ ഒത്തിരി കണ്ട് ത്രസിപ്പിച്ചിരുന്നു. എന്തിനെന്നല്ലേ, കാരണം അത്തരമൊരു നോട്ടം ഇതിനു മുൻപ് ഞാൻ എവിടെയും കണ്ടിട്ടില്ല. നേത്രങ്ങൾക്ക് ഇത്രയും ഭംഗിയുള്ള ഒരാളെ ഞാൻ നടത്തിയ യാത്രകളിൽ പോലും കണ്ടിട്ടില്ല.. ജീവിച്ചു ജീവിച്ചു പ്രണയിച്ചിടാം എന്ന തോതിലോ,ഈ നിഗൂഢതകളുടെ ആഴങ്ങളിൽ പരസ്പരം നോക്കി നോക്കി കണ്ണുകൾ കൊണ്ട് നമ്മുക്ക് സംസാരിക്കാം എന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്.. കണ്ണുകളിൽ നിഗൂഢത ഒളിപ്പിക്കുന്ന, നമ്മളെ നിരന്തരം അലട്ടുന്ന, മന്ത്രികത ചൊരിപ്പിക്കുന്ന,മാജിക്‌ പടർത്തുന്ന ആ നോട്ടത്തിന് ഇലക്ട്രിക് കറന്റ്‌ നെക്കാൾ ശക്തിയുണ്ട്. വീട്ടിൽ ഒരുസമയത്ത് അലർന്ന് കേട്ടിരുന്ന പേരായിരുന്നു അനുപ്രിയ എന്നത്. അതൊരു സഹോദര്യത്തിന്റെ പ്രതിധ്വനി എന്നതിൽ അപ്പുറം ഈ നീലാകാശത്തിൽ പാറി പറക്കാൻ എനിക്ക് ഒരു ഇടം നൽകിയിരുന്നില്ല എന്നത് തന്നെയാണ് ജീവിച്ചു ജീവിച്ചു പ്രണയിച്ചീടാം എന്നതിൽ നിന്ന് എന്നെ വഴി ത്തിരിച്ചു വിട്ടത്.

എങ്കിലും സഖാവെ,

ആശയങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും യാന്ദ്രികതയിലുമെല്ലാം  എതിരിടങ്ങൾ ആയിരുന്നു അനുപ്രിയ എനിക്ക്...ഒരു നായക്ക് പോലും മണത്ത് കണ്ടുപിടിക്കാൻ പറ്റാത്ത നയതന്ത്രങ്ങൾ എങ്ങനെയാണ് അവൾ മെനയുന്നത്?. തന്റെ രഹസ്യങ്ങൾ മനസിലാക്കാൻ ഒരു മനഃശാസ്ത്രവിദഗ്ധനും സാധിക്കില്ല. അത്രത്തോളം രഹസ്യങ്ങളുടെ കലവറയാണ് അനുപ്രിയ....

അവളുടെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ നോക്കുന്നതൊരു ഹരമായി മാറിയ സമയമുണ്ടായിരുന്നുവെനിക്ക്.. എങ്കിലും ഒരു ചെറു പകുതിയിൽ പോലും ആ രഹസ്യങ്ങളെ പിച്ചിചീന്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.. നിളയുടെ തീരത്ത് ഒരു മഴ കഴിയുമ്പോൾ അടിഞ്ഞുകൂടുന്ന മണൽ പരപ്പുകൾ പോലെ അത് അങ്ങനെ അവിടം അടിഞ്ഞുകൂടട്ടെ.. അതിനറ്റത്ത് രഹസ്യങ്ങളുടെ കലവറകൾ നമ്മുക്ക് ഒരുക്കണം... അതിലൊരു ചെറുകലവറയിൽ വെയിൽ തട്ടാത്ത വിധത്തിൽ ഒരു യക്ഷിയെ താമസിപ്പിക്കണം... അവസാനം ഒരു യക്ഷിയായി നീ മാറണം.

ഈയിടയിൽ ഇടതോരാതെ ഞാൻ നിന്നെ സ്വപ്നം കാണുന്നുണ്ട്. പലതും ഭീകരമായതായിരിക്കും... സൈലന്റ് വാലിയിൽ നീ അകപ്പെട്ട് പോവുന്നതും ആരും രക്ഷിക്കാൻ ഇല്ലാതെ വഴി അറിയാതെ നീ തടിക്കുണ്ട് ഊരിൽ എത്തുന്നതും അവിടെന്ന് എം. ആർ. എസിലെ കുട്ടി ഓടി വന്ന് ടീച്ചറെ എന്ന് വിളിച്ചു കെട്ടി പിടിക്കുന്നതും, ഒപ്പം അവൾക്കൊപ്പം കിലോമീറ്ററുകളോളം നീ സഞ്ചരിക്കുമ്പോൾ ഒരു വലിയ ഔഷധതോട്ടം കാണാൻ ഇടവരുന്നതും, അതുമായി ബന്ധപ്പെട്ട പഠനങ്ങളിൽ നീ അകപ്പെടുന്നതും അവസാനം ഒരു ഭ്രാന്തിയായി നീ മാറുന്നതുമൊക്കെ ഞാൻ സ്വപ്നം കാണാറുണ്ട്. അത് മാത്രമല്ല, ഈയടുത്ത് പേടിപ്പിക്കുന്ന ഒരു സ്വപ്നം കണ്ടു... റോഡിൽ ചതഞ്ഞു അരഞ്ഞു കിടക്കുന്ന നീ.... അതിൽ ഞാനൊന്ന് ഞെട്ടി എണീറ്റു... രാത്രി ഒരു 2.30 ആയി കാണും.. എങ്ങനെയാ ഞൻ അപ്പൊ നിന്നെ വിളിക്കുക... രാവിലെ ആക്കിയത് എങ്ങെനെയാണെന്ന് എനിക്കെ അറിയൂ.. എന്താണ് നിരന്തരം നീ എന്റെ സ്വപ്നങ്ങളിൽ വരുന്നത് എന്ന ചിന്ത എന്നെ കൊണ്ടേത്തിച്ചത് കാർട്ടോഗ്രാഫി പഠനത്തിൽ ആണ്. ഒരു വലിയ ജീവിശാസ്ത്രമേഖല നീ അറിയാൻ ഉണ്ട്.. മറ്റാർക്കും കിട്ടാത്ത ഒരു കണ്ണ് നിനക്ക് ഉണ്ട്... മറ്റാർക്കും നൽകാൻ സാധിക്കാത്ത ഒരു നോട്ടം നീ അതിലൂടെ ലോകത്തിനു നൽകുന്നുണ്ട്. വ്യക്തമായി പറഞ്ഞാൽ നിന്റെ നോട്ടത്തിൽ ആശ്വാസം കണ്ടെത്തുന്ന ഒരു ജീവി വർഗ്ഗം പുറം ലോകത്ത്, അല്ലെങ്കിൽ സൂക്ഷ്മ ലോകത്ത് ഉണ്ട്.. അവയെ മെല്ലെ മെല്ലെ ആ മൈക്രോ സ്കോപ്പിലൂടെ നോക്കി കണ്ടുപിടിക്കണം... പുത്തൻ ശാസ്ത്ര കണ്ടുപ്പിടിത്തങ്ങൾ നടത്തി നവോത്ഥാനം കൊണ്ട് വാടോ... ഗവേഷണത്തിൽ തന്റെ കഴിവ് തെളിയിക്കണം... അതിനുള്ള ഒരു കഴിവ് തനിക്ക് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
പൊട്ടലും ചീറ്റലും നിരന്തരം ആവർത്തിക്കുന്ന ഈയൊരു സൗഹൃദം ഞാൻ ഒത്തിരി ആസ്വദിക്കുന്നുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ ഒരു യഥാർത്ഥമായ കോണിൽ നിന്നും നീ എന്നെയും ഞാൻ നിന്നെയും കാണുന്നതോടൊപ്പം എന്നിലെ എല്ലാ മണ്ടത്തരവും പൊട്ടത്തരവും, ഒപ്പം എന്നിലെ ഒന്നിനും കൊള്ളാത്തഎന്റെ ചളികളും എന്നിലെ മലിനമായ ചിന്തകളും ചാലിയാർ പുഴയെന്നോളം ഏറ്റെടുക്കുന്ന മാന്യമായി മൗനത്തോടെ എല്ലാം കേട്ട് നിൽക്കുന്ന നീ ഉണ്ടല്ലോ... നീയൊരു സംഭവമാണ്... അതെ.. അഗളിയുടെ പുത്രി... ബാലകൃഷ്ണന്റെ മകൾ... തിരസ്‌ക്കരിക്കപ്പെട്ട ഒരു ജനതയുടെ വികസനചരിത്രം രചിക്കുന്നതിൽ അച്ഛൻ ശ്രെദ്ധ കേന്ദ്രികരിച്ചപ്പോൾ ആ അച്ഛന്റെ രണ്ട് പുത്രികളും കേരളത്തിന്റെ ശാശ്വതമായവികസന മാതൃകയുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ വ്യാപിച്ചു പടർന്നു കിടക്കുന്നു. ഒരാൾ ആരോഗ്യ മേഖലയിലും മറ്റൊരാൾ തിരസ്‌ക്കരിക്കപ്പെട്ട ഒരു ജനതയുടെ മക്കൾക്ക് വിദ്യാഭ്യാസപുരോഗതി ഉണ്ടാക്കുന്നതിലും... ആ മകൾ ക്ലാസ്സ്‌ മുറികളിൽ പ്രയോഗിക്കുന്ന തന്ത്രങ്ങളുണ്ട്... അറിഞ്ഞു നൽകുന്നതാണ് പ്രാധാന്യം.. ഓരോരുത്തരെ അറിഞ്ഞ്,വേണ്ടത് നൽകുന്ന പ്രകൃതി യിൽ അധിഷ്ടിതമായ വിദ്യഭ്യാസ രീതിശാസ്ത്രം പിന്തുടരുന്ന എന്റെ പ്രിയ സുഹൃത്തേ....

നിനക്ക് ഞാൻ ഹൃദയത്തിൽ നിന്നൊരു ജന്മദിനം ആശംസിക്കാൻ എനിക്ക് വാക്കുകൾ വിരളമാണ്.. അതുകൊണ്ടായിരിക്കും, ഈ വരമൊഴി, വാമൊഴിക്കൊപ്പം മഴത്തുള്ളികൾ പൊഴിക്കുന്നത്...എങ്കിലും നിർമലമായ ഞാൻ കണ്ട മനുഷ്യരിലെ  നയതന്ത്ര വിദഗ്ധയ്ക്ക് ജന്മദിന ആശംസകൾ.❤️🫂


@സുബിൻ. കെ

ഇന്റെ H1D